ഇന്ത്യയിലെ അർഹരായ വിദ്യാർഥികൾക്ക് ഫോട്ടോഷോപ്പ് ഒരു വർഷത്തേക്ക് സൗജന്യമായി നൽകാൻ അഡോബി

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

ഇന്ത്യയിലെ അർഹരായ കോളേജ് വിദ്യാർഥികൾക്ക് ഫോട്ടോഷോപ്പ് ഒരു വർഷം സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമൊരുക്കി അഡോബി. വാർഷിക നിരക്കായ 1,999 രൂപയ്ക്ക് പകരം 12 മാസത്തെ പ്രീപെയ്ഡ് ഫോട്ടോഷോപ്പ് സബ്സ്‌ക്രിപ്ഷൻ 0 രൂപയ്ക്ക് പ്രൊമോഷണൽ ഓഫറിലൂടെ നൽകും. അഡോബിയുടെ ഔദ്യോഗിക സ്റ്റുഡന്റ് പ്രൊമോഷൻ പേജ് വഴിയാണ് ഈ ഓഫർ ലഭ്യമാകുന്നത്.

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാവും ഓഫർ ലഭ്യമാകുക. ചെക്ക്ഔട്ട് സമയത്ത് വിദ്യാർഥികൾ സ്‌കൂൾ/കോളേജ് സംബന്ധമായ വിവരങ്ങൾ നൽകണം. അഡോബി അക്കൗണ്ട് ഉള്ളതുകൊണ്ട് മാത്രം ഓഫറിന് അർഹത ലഭിക്കില്ല.

അർഹരായ വിദ്യാർഥികൾക്ക് വാർഷിക പ്രീപെയ്ഡ് ഫോട്ടോഷോപ്പ് പ്ലാൻ തിരഞ്ഞെടുത്ത് ആദ്യ വർഷത്തേക്ക് 100 ശതമാനം ഇളവ് നേടാം. വാർഷിക വരിസംഖ്യയായ 1,999 രൂപ ചെക്ക്ഔട്ട് പേജിൽ കാണിക്കുമെങ്കിലും തുടർന്ന് അടയ്ക്കേണ്ട തുക 0 രൂപയായി കുറയും.

ശ്രദ്ധിക്കേണ്ടത് ഇതാണ്

സൗജന്യ പ്ലാൻ നേടാൻ സൈൻ അപ്പ് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന വ്യവസ്ഥയുണ്ട്. 12 മാസത്തെ പ്രൊമോഷണൽ കാലയളവ് അവസാനിച്ചാൽ ഒരു വർഷത്തെ സബ്സ്‌ക്രിപ്ഷൻ 1,999 രൂപ നിരക്കിൽ പുതുക്കപ്പെടും. അതിനാൽ സൗജന്യ കാലയളവിനു ശേഷവും ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപ്പര്യമില്ലാത്തവർ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സബ്സ്‌ക്രിപ്ഷൻ റദ്ദാക്കണം.

മുന്നറിയിപ്പില്ലാതെ ഈ പ്രൊമോഷൻ അവസാനിപ്പിക്കാമെന്നും അഡോബി വ്യക്തമാക്കുന്നുണ്ട്. അതായത് ഈ ഓഫർ അനിശ്ചിതകാലത്തേക്ക് ലഭ്യമാകണമെന്നില്ല.

സൗജന്യ സബ്‌സ്‌ക്രിപ്ഷൻ എങ്ങനെ നേടാം

അഡോബിയുടെ ഫോട്ടോഷോപ്പ് സ്റ്റുഡന്റ് പ്രൊമോഷൻ പേജ് വഴി വിദ്യാർഥികൾക്ക് ഈ ഓഫർ നേടാം. ഇതിനായി ഒരു അഡോബി അക്കൗണ്ടും യു.പി.ഐ (UPI) പേയ്മെന്റ് സംവിധാനവും ആവശ്യമാണ്.

ചെയ്യേണ്ടത് ഇവയാണ്:

1. അഡോബിയുടെ ഫോട്ടോഷോപ്പ് സ്റ്റുഡന്റ് ഓഫർ പേജ് തുറന്ന് ചെക്ക്ഔട്ടിലേക്ക് നീങ്ങുക. നിലവിലുള്ള അഡോബി അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക, അക്കൗണ്ട് ഇല്ലെങ്കിൽ പുതിയൊരെണ്ണം സൃഷ്ടിക്കുക.

2. പേയ്മെന്റ് ഘട്ടത്തിൽ, യു.പി.ഐ തിരഞ്ഞെടുത്ത് അഡോബി ആവശ്യപ്പെടുന്ന കോളേജ് വിവരങ്ങൾ നൽകുക.

3. തുടർന്ന് വിദ്യാർഥികൾ അവരുടെ യു.പി.ഐ ആപ്പ് വഴി ഒരു യു.പി.ഐ ഓട്ടോപേ (UPI AutoPay) മാൻഡേറ്റ് അംഗീകരിക്കേണ്ടതുണ്ട്. മാൻഡേറ്റ് സജ്ജീകരിക്കുന്ന സമയത്ത് ഏകദേശം 2 രൂപയുടെ ചെറിയൊരു തുക ഈടാക്കിയേക്കാമെന്ന് അഡോബിയുടെ ചെക്ക്ഔട്ട് പേജിൽ വ്യക്തമാക്കുന്നുണ്ട്.

4: പേയ്മെന്റ് അംഗീകാരവും ചെക്ക്ഔട്ട് പ്രക്രിയയും പൂർത്തിയായിക്കഴിഞ്ഞാൽ, 12 മാസത്തേക്ക് ഫോട്ടോഷോപ്പ് സബ്സ്‌ക്രിപ്ഷൻ ആക്റ്റിവേറ്റ് ചെയ്യപ്പെടും. തുടർന്ന് ഡെസ്‌ക്ടോപ്പിലെ അഡോബി ക്രിയേറ്റഡ് ക്ലൗഡ് (Adobe Creative Cloud) വഴി വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ ഉപയോഗിക്കാം.

Share this story

Leave a Comment

Your comment will be visible after admin approval.