ന്യൂഡൽഹി: പുൽവാമ ആക്രമണം സംബന്ധിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സുപ്രീംകോടതി ജഡ്ജിമാരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. സുപ്രീംകോടതിക്കല്ലാതെ വിഷയത്തിൽ മറ്റാർക്കും നിഷ്പക്ഷ അന്വേഷണം നടത്താനാവില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ പ്രകാരം ഉന്നത നേതൃത്വം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സുപ്രീംകോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ പൂർണവിശ്വാസമുണ്ട്. ജുഡീഷ്വറിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവു. പുൽവാമയിൽ എന്താണ് സംഭവിച്ചതെന്നറിയാൻ അന്വേഷണം വേണം. എന്നാൽ മാത്രമേ ജനങ്ങൾക്ക് സത്യമറിയു എന്നും മമത പറഞ്ഞു.രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാൽ മാലിക് ‘ദി വയറി’നോട് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പുൽവാമ ആക്രമണം നടന്നയുടൻ മോദി വിളിച്ചപ്പോൾ ഈ വീഴ്ചകളെ കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിർദേശിച്ചത്. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താനെ പഴിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വെളിപ്പെടുത്തി.2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.