പി.പി. ചെറിയാന്
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ മേഖലയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ യു.എസ് അധികൃതർ റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. സോമാലിയൻ വംശജയായ ജനപ്രതിനിധിയുടെ ഇമിഗ്രേഷൻ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വിഷയത്തെക്കുറിച്ച് വിവരമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഫൊക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു.
“വാഷിംഗ്ടൺ ഡി.സി മേഖലയിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് തിരച്ചിൽ വാറന്റ് നടപ്പിലാക്കി. നിലവിൽ നടക്കുന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി,” എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വക്താവ് ഫൊക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.
മിനസോട്ടയിൽ നിന്നുള്ള ജനപ്രതിനിധിയായ ഇൽഹാൻ ഒമർ കുട്ടിയായിരുന്നപ്പോൾ അന്തരിച്ച പിതാവ് പൂരിപ്പിച്ചു നൽകിയ ഇമിഗ്രേഷൻ രേഖകളുമായി ബന്ധപ്പെട്ട ക്രിമിനൽ തട്ടിപ്പ് അന്വേഷണത്തിന്റെ തുടർച്ചയായാണ് റെയ്ഡ് നടന്നതെന്ന് വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു.
എന്നാൽ ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റോ ഇൽഹാൻ ഒമറിന്റെ വക്താവോ തയ്യാറായിട്ടില്ല.
സോമാലിയൻ-അമേരിക്കൻ സമൂഹത്തിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെയായി കടുത്ത വിമർശനങ്ങളും വിദ്വേഷ പരാമർശങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ട്രംപിന്റെ രാഷ്ട്രീയ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഇൽഹാൻ ഒമർ.
Leave a Comment
Your comment will be visible after admin approval.