തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണു സതീശനെ ജനം കാണുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. റോഡ് ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബെനാമി കമ്പനിയാണെന്ന് മനസ്സിലാക്കിയിട്ടും ആ പേരു പറയാതിരിക്കാൻ വി.ഡി.സതീശനും പ്രതിപക്ഷത്തെ മറ്റു നേതാക്കളും ശ്രദ്ധിച്ചു. പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
‘എഐ ക്യാമറ 132 കോടി രൂപയുടെ അഴിമതി; ടെൻഡർ ക്വാളിഫൈ ചെയ്ത കമ്പനിക്ക് യോഗ്യതയില്ല’
കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്ഥാപിച്ചതിനു പിന്നിൽ എന്ന് പറയുമ്പോഴും ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രകാശ് ബാബുവിന്റെ പേര് പരാമർശിച്ചിട്ടില്ല എന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അധ്യക്ഷൻ പറയുന്നതുതന്നെ ഉപാധ്യക്ഷയും പറയണമെന്നു ശഠിക്കരുത് എന്നായിരുന്നു ശോഭയുടെ പ്രതികരണം. റോഡ് ക്യാമറ സ്ഥാപിച്ചതിനു പിന്നിലെ തട്ടിപ്പുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയതായും ബിജെപി വൈസ് പ്രസിഡന്റ് പറഞ്ഞു.
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു തട്ടിപ്പാണ്. സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ തന്റെ വഴിക്കു കൊണ്ടുപോകുന്നതിൽ വൈദഗ്ധ്യം നേടിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 7 ലക്ഷം പേർക്ക് തൊഴിൽ നൽകി എന്നാണ് കേരള സർക്കാരിന്റെ അവകാശവാദം. അവരുടെ പട്ടിക പുറത്തു വിടാൻ കേരള പിഎസ്‌സിയെ വെല്ലുവിളിക്കുകയാണ്. തൃശൂർ പൂരത്തിന് ലയണൽ മെസ്സിയുടെ ചിത്രമുള്ള കുട ഉയർത്തിയത് തൃശൂർക്കാരുടെ വിവേചനപരമായ വിഷയമാണ്. ഇതുവരെ തൃശൂർ പൂരം കണ്ടിട്ടില്ലാത്ത താൻ അതിൽ കക്ഷി ചേരാനില്ലെന്നും ശോഭ പറഞ്ഞു.