മരുന്ന് പ്രതിസന്ധി സഭയിൽ : വാക്പോരും വാദപ്രതിവാദവും

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

തിരുവനനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി സഭയിൽ വലിയ വാക്പോരും വാദപ്രതിവാദവും. ഒടുക്കം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി. മരുന്ന് ക്ഷാമവും ഇതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്ന അവസ്ഥയും ചൂണ്ടിക്കാട്ടി അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

വിഷയത്തിൽ ആരോഗ്യമന്ത്രി നൽകിയ മറുപടി തികച്ചും ലാഘവത്തോടെയുള്ളതാണെന്ന് കെ.വി സുമേഷ് ആരോപിച്ചു. മുൻ സർക്കാരിന്റെ കാലത്തെ അടിയന്തര പ്രമേയം പൊടിതട്ടിയെടുക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻ സർക്കാരിന്റെ കാലത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ പിന്നെ എന്തിനാണ് ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിച്ചു.


പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടുതൽ ഗൗരവകരമായ വിഷയങ്ങളാണ് സഭയിൽ ഉന്നയിച്ചത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ആരോഗ്യമന്ത്രിയും തമ്മിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, മരുന്ന് ലഭ്യമല്ലാത്ത കാര്യം പുറത്താരോടും പറയരുതെന്ന് ആരോഗ്യ ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രവാർത്തകൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയാണ് പ്രതിപക്ഷം സർക്കാർ വാദങ്ങളെ ഖണ്ഡിച്ചത്.

അതേസമയം, സർക്കാർ ആശുപത്രികളിൽ പൂർണമായും മരുന്ന് ക്ഷാമമില്ലെന്നും, ചില മരുന്നുകൾക്ക് മാത്രമാണ് ക്ഷാമം ഉള്ളതെന്നുമാണ് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, സർക്കാർ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.