തിരുവനന്തപുരം : ഇടവേളയ്ക്കുശേഷം സിപിഎമ്മിൽ വീണ്ടും ക്ഷേത്രദർശന വിവാദം. കോന്നി എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ.യു.ജനീഷ്കുമാറാണു ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയ്ക്കു വിരുദ്ധമാണു ജനീഷ്കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ആക്ഷേപം.
രണ്ടുദിവസം മുൻപായിരുന്നു കുടുംബസമേതം എംഎൽഎയുടെ ക്ഷേത്രദർശനം. റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. മണ്ഡലത്തിനു പുറത്തുള്ള ക്ഷേത്രത്തിൽ എംഎൽഎ ദർശനം നടത്തിയതു വിശ്വാസപരമായല്ലേ കാണേണ്ടതെന്ന ചോദ്യമാണു പാർട്ടിയിൽ ഉയരുന്നത്.
നേരത്തേ കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെയും സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്റെയും ക്ഷേത്രദർശനം പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായ ശേഷമായിരുന്നു കണ്ണൂരിലെ ക്ഷേത്രത്തിൽ ഇപി ദർശനം നടത്തിയത്. ഒരു വർഷത്തിനുശേഷം പുറത്തുവന്ന ചിത്രം പാർട്ടിക്കുള്ളിൽ വിവാദമായെങ്കിലും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ പരിഭവിച്ചുനിന്ന ഇപിയെ പാർട്ടി കൂടുതൽ പിണക്കിയില്ല.