Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായിയെ ക്ഷണിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം

പിണറായിയെ ക്ഷണിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് പ്രകാശ് കാരാട്ടും അപക്വമായ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനറും കുറ്റപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെയും പ്രതികരണം.

ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ത്ഥ്യമായെന്ന ആശ്വാസമാണ് കോണ്‍ഗ്രസിന്‍റെ കര്‍ണാടക വിജയത്തോടെ ബിജെപി വിരുദ്ധകക്ഷികള്‍ പൊതുവെ ഉയര്‍ത്തിയ മുദ്രാവാക്യം. കോണ്‍ഗ്രസ് വിജയത്തില്‍ സിപിഎം ഉള്‍പ്പടെ പ്രതീക്ഷപ്രകടിപ്പിച്ചിട്ടും കേരള, തെലുങ്കാന മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ക്ഷണമില്ല.

ബിജെപിയെ ഒറ്റയ്ക്ക് പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു.

ദേശീയ രാഷ്ട്രീയം ശരിയായ നിലയില്‍ വിലയിരുത്താന്‍ കഴിയാത്ത ദുര്‍ബലമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ഈ സമീപനമാണെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ എത്രകാലമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പരിഹസിച്ചു.

സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ കേരള മുഖ്യമന്ത്രിയെ പ്രധാനമുഖമായാണ് സിപിഎം ഉയര്‍ത്തിക്കാട്ടുന്നത്. ഒന്നിച്ച് പോരാടാനുള്ള വേദി ഒത്തുവന്നപ്പോള്‍ തിരഞ്ഞുപിടിച്ച് തഴഞ്ഞതിലാണ് കോണ്‍ഗ്രസിനോട് സിപിഎം നേതാക്കള്‍ക്കുള്ള അരിശം. എന്നാല്‍, പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു. എല്ലാം എഐസിസിയാണ് തീരുമാനിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments