വത്തിക്കാൻ സിറ്റി: ശ്വാസകോശ അർബുദത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പക്ക് ഇനി കൂടുതൽ ചികിത്സയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ട്യൂമർ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.
71 കാരനായ പോപ്പിന്റെ വലത് ശ്വാസകോശത്തിലെ താഴത്തെ ഭാഗം ഒക്ടോബർ 13 നാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും സാധാരണമായ രൂപമായ ലംഗ് അഡിനോകാർസിനോമയാണ് പോപ്പിന് സ്ഥിരീകരിച്ചത്.
നീക്കം ചെയ്ത കലകളുടെ അവസാന ഹിസ്റ്റോളജിക്കൽ പരിശോധനകളും മോളിക്യുലാർ ബയോളജി വിശകലനങ്ങളും രോഗനിർണയം സ്ഥിരീകരിച്ചു. രോഗം പ്രാദേശികമായി മാത്രം ഒതുങ്ങി നിൽക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ‘തുടർന്നുള്ള ഓങ്കോളജിക്കൽ വിലയിരുത്തൽ കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചു’ പോപ്പിന്റെ പ്രധാന സർജൻ സ്റ്റെഫാനോ മാർഗരിറ്റോറയും വ്യക്തിഗത ഫിസിഷ്യൻ ലുയിജി കാർബോണും പറഞ്ഞു.
എന്നിരുന്നാലും, നവംബർ 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിലേക്ക് പോപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന യാത്ര നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശനിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അദ്ദേഹം ക്രമേണ സാധാരണ ജോലികളിലേക്ക് മടങ്ങുകയാണ്. ബുധനാഴ്ച, തീർത്ഥാടകരുമായുള്ള പ്രതിവാര കൂടിക്കാഴ്ചക്കായി അദ്ദേഹം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തിരിച്ചെത്തിയിരുന്നു.
Leave a Comment
Your comment will be visible after admin approval.