സൗദി രാജ്യാന്തര വിമാനത്താവളത്തിനും അരാംകോ എണ്ണപ്പാടത്തിനും നേരെ മിസൈൽ ആക്രമണം.: മൂന്നു പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്‌

Global Indian Writer · October 22, 2026 · 1 min read · 0 Comments · 0 Shares

ദമാം: സൗദി അറേബ്യയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനും ശൈബയിലെ അരാംകോ എണ്ണപ്പാടത്തിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണം. ഇന്നലെ വൈകീട്ടും ഇന്ന് പുലർച്ചെയുമായി ഹൂതി സായുധസംഘം നടത്തിയ ആക്രമണങ്ങളിൽ 3 പ്രവാസികൾ കൊല്ലപ്പെടുകയും ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ദമാം വിമാനത്താവളത്തിന് നേരെ രാത്രിയുണ്ടായ ആക്രമണത്തിലാണ് ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവള കെട്ടിടങ്ങൾക്ക് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ വ്യാപ്തി വിലയിരുത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ശൈബയിലെ അരാംകോ എണ്ണപ്പാടത്തെ പ്ലാന്റ് ലക്ഷ്യമാക്കി വന്ന ഡ്രോൺ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു തകർക്കുകയായിരുന്നു. എന്നാൽ തകർന്ന ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ചുറ്റുമതിലിന് പുറത്ത് നിർത്തിയിട്ടിരുന്ന കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിക്കും ഇവിടെ പരുക്കേറ്റതായി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ആക്രമണശ്രമം എണ്ണ ഉൽപാദനത്തെയോ പ്ലാന്റിന്റെ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ല.

പരുക്കേറ്റ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച അഞ്ച് ഡ്രോണുകൾ തടഞ്ഞു തകർത്തതായി അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.