ബ്രിട്ടീഷ് കൊളംബിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്ര ഭൂരിപക്ഷം

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

ഷിബു കിഴക്കേകുറ്റ് കാനഡ

വിക്ടോറിയ അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾ ചിലപ്പോൾ ഭരണാധികാരികൾക്കുതന്നെ വിനയായി മാറാറുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ശനിയാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതും അതുതന്നെ. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും ഭരണത്തുടർച്ച ഉറപ്പാക്കാനും അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പിനെ നേരിട്ട ഡേവിഡ് ഇബിയുടെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ജനവിധിയിൽ കനത്ത തിരിച്ചടി. 93 വർഷത്തെ ഇടവേളയ്ക്കുശേഷം കൺസർവേറ്റീവ് പാർട്ടി വീണ്ടും പ്രവിശ്യയുടെ ഭരണസാരഥ്യത്തിലേക്ക് എത്തുകയാണ്.

അഞ്ചാഴ്ച മുമ്പുവരെ ആഭ്യന്തര കലഹങ്ങളും നേതൃത്വപ്രതിസന്ധിയും കാരണം തകർച്ചയുടെ വക്കിലെത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയത്. പാർട്ടിയുടെ ഇടക്കാല നേതാവായി ചുമതലയേറ്റ ലോൺ ഡോർക്‌സൺ ബ്രിട്ടീഷ് കൊളംബിയയുടെ അടുത്ത പ്രീമിയറാകുമെന്ന് ഉറപ്പായി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡേവിഡ് ഇബി എൻ.ഡി.പി നേതൃത്വത്തിൽനിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചു.

93 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 47 സീറ്റുകളാണ് വേണ്ടത്. ഞായറാഴ്ച പുറത്തുവന്ന പ്രാഥമിക കണക്കുകൾ പ്രകാരം കൺസർവേറ്റീവുകൾ ഏകദേശം 64 മണ്ഡലങ്ങളിൽ വിജയിക്കുകയോ മുന്നിട്ടുനിൽക്കുകയോ ചെയ്തപ്പോൾ എൻ.ഡി.പി 27 സീറ്റുകളിലേക്കും ഗ്രീൻ പാർട്ടി രണ്ട് സീറ്റുകളിലേക്കും ചുരുങ്ങി. കൺസർവേറ്റീവുകൾക്ക് 48 ശതമാനത്തോളം വോട്ടുകൾ ലഭിച്ചു. എൻ.ഡി.പിക്ക് 37 ശതമാനവും ഗ്രീൻ പാർട്ടിക്ക് 11 ശതമാനത്തോളവുമാണ് വോട്ടുവിഹിതം.

തിരഞ്ഞെടുപ്പ് ഫലത്തെക്കാൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമാണ്. 2028-ൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഈ വർഷം സെപ്റ്റംബർ 22-ന് അപ്രതീക്ഷിതമായി പ്രഖ്യാപിക്കുമ്പോൾ ഇബിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അമേരിക്കയുടെ വ്യാപാരനയങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും നേരിടാൻ കൂടുതൽ ശക്തമായ ജനവിധി ആവശ്യമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി ഭരണപക്ഷത്തിന് അനുകൂലമായ അവസരമൊരുക്കിയെന്ന വിലയിരുത്തലും ശക്തമായിരുന്നു.

കൺസർവേറ്റീവ് നേതൃത്വത്തിൽനിന്ന് കെറി-ലിൻ ഫിൻഡ്‌ലേ രാജിവച്ചതോടെ പാർട്ടി കൂടുതൽ ദുർബലമാകുമെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ സെപ്റ്റംബർ 20-ന് ഇടക്കാല നേതാവായി ചുമതലയേറ്റ ലോൺ ഡോർക്‌സൺ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടിയെ ഒന്നിപ്പിച്ചു. പുറത്തുപോയ നിയമസഭാംഗങ്ങളിൽ ചിലർ തിരിച്ചെത്തി. നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കുപകരം തിരഞ്ഞെടുപ്പ് വിജയമെന്ന പൊതുലക്ഷ്യത്തിലേക്ക് പാർട്ടി നീങ്ങി.

ഈ മാറ്റത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുന്നതിൽ ഭരണപക്ഷത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ദുർബലമായിരുന്ന പ്രതിപക്ഷം വോട്ടെടുപ്പിന്റെ സമയമായപ്പോഴേക്കും ശക്തമായ വെല്ലുവിളിയായി മാറി.

ബ്രിട്ടീഷ് കൊളംബിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ കൺസർവേറ്റീവുകളുടെ തിരിച്ചുവരവിന് പ്രത്യേക പ്രാധാന്യമുണ്ട്. 1928-ൽ സൈമൺ ഫ്രേസർ ടോൾമിയുടെ നേതൃത്വത്തിലാണ് പാർട്ടി അവസാനമായി ഒരു പ്രവിശ്യാ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചത്. 1933-ൽ ആ സർക്കാരിന്റെ കാലാവധി അവസാനിച്ചു. പിന്നീട് സോഷ്യൽ ക്രെഡിറ്റ് പാർട്ടിയും ബി.സി ലിബറലുകളും ഉൾപ്പെടെയുള്ള മധ്യവലതുപക്ഷ രാഷ്ട്രീയശക്തികൾ പ്രവിശ്യയിൽ അധികാരത്തിലെത്തിയെങ്കിലും കൺസർവേറ്റീവ് പാർട്ടിക്ക് സ്വന്തം പേരിൽ വീണ്ടും സർക്കാർ രൂപീകരിക്കാനായിരുന്നില്ല.

2020-ലെ തിരഞ്ഞെടുപ്പിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രം വോട്ട് നേടിയ പാർട്ടി 2024-ൽ 44 സീറ്റുകൾ നേടി പ്രധാന പ്രതിപക്ഷമായി വളർന്നു. രണ്ടുവർഷത്തിനിപ്പുറം ഭരണത്തിലേക്കുള്ള കുതിപ്പ് പൂർത്തിയാക്കിയിരിക്കുകയാണ്.

കൺസർവേറ്റീവുകളുടെ വിജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരം മാത്രമാണെന്ന് വിലയിരുത്താനാവില്ല. ജീവിതച്ചെലവ് വർധന, വീടുകളുടെ വിലയും വാടകയും, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പ്രതിസന്ധികൾ, തൊഴിൽസാധ്യതകൾ, സർക്കാർ ചെലവുകൾ തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർണായകമായി. നികുതിഭാരം കുറയ്ക്കുമെന്നും ഭവനനിർമാണത്തിന് അനുമതി നൽകുന്ന നടപടികൾ ലളിതമാക്കുമെന്നും വ്യവസായ നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും കൺസർവേറ്റീവുകൾ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, കൺസർവേറ്റീവുകളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വിവാദങ്ങളിൽനിന്ന് മുക്തമായിരുന്നില്ല. സ്ഥാനാർഥികളുടെ മുൻകാല പരാമർശങ്ങളും ചില പ്രചാരണനിലപാടുകളും വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഈ വിവാദങ്ങൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തെ തടഞ്ഞില്ല.

വിജയപ്രസംഗത്തിൽ പ്രവിശ്യയുടെ സാമ്പത്തികശേഷി വർധിപ്പിക്കുമെന്നും എല്ലാ പ്രദേശങ്ങൾക്കും വികസനത്തിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും ഡോർക്‌സൺ പ്രഖ്യാപിച്ചു. മുൻ പത്രപ്രസാധകനും കാരിബൂ–ചിൽകോട്ടിൻ മണ്ഡലത്തിലെ നിയമസഭാംഗവുമായ അദ്ദേഹത്തിന്റെ അതിവേഗ രാഷ്ട്രീയ ഉയർച്ചയും കനേഡിയൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.

എന്നാൽ തിരഞ്ഞെടുപ്പ് വിജയം ഭരണവിജയമായി മാറ്റുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ സർക്കാരിനെ കാത്തിരിക്കുന്നത്. സാമ്പത്തിക വളർച്ചയും പൊതുസേവനങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക, ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുക, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളായിരിക്കും ഇനി വിലയിരുത്തപ്പെടുക.

മറുവശത്ത്, ഒൻപത് വർഷത്തെ ഭരണത്തിനുശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന എൻ.ഡി.പിക്ക് നേതൃത്വവും രാഷ്ട്രീയനയങ്ങളും പുനഃപരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. ഡേവിഡ് ഇബി

ഷിബു കിഴക്കേകുറ്റ് കാനഡ

Share this story

Leave a Comment

Your comment will be visible after admin approval.