കോട്ടയം: ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഉമ്മൻ ചാണ്ടി ഒരാഗ്രഹം മാത്രം ബാക്കി വെച്ചാണ് മടങ്ങുന്നത്. എന്നും പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും പുതുപ്പള്ളിയിൽ സ്വന്തമായൊരു വീടുണ്ടായിരുന്നില്ല ഈ ജനനായകന്. പുതുപ്പള്ളിയിലെ ഓരോ വീടും കുഞ്ഞൂഞ്ഞിന്റേത് കൂടിയാണെങ്കിലും സ്വന്തം പേരിലൊരു വീട് എന്ന ആഗ്രഹമാണ് പൂർത്തിയാകാതെ പോയത്. തറക്കല്ലിട്ടിരുന്നുവെങ്കിലും സ്വപ്നഭവനത്തിൻ്റെ പണി പൂർത്തിയായി കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല.
പുതുപ്പള്ളിയിലെ കുടുംബ വീടായ കരോട്ടുവള്ളക്കാലിൽ താമസിക്കുന്നത് അനിയൻ അലക്സ് ചാണ്ടിയാണ്, തൊട്ടടുത്ത് സഹോദരി വത്സയും താമസമുണ്ട്. ഇവർക്കടുത്ത് പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിന് സമീപത്തായി കുടുംബവിഹിതമായി ലഭിച്ച ഭൂമിയിലാണ് ഉമ്മൻ ചാണ്ടി പുതിയവീടിന് തറക്കല്ലിട്ടത്. വീടിൻ്റെ പ്രാരംഭനിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥ മോശമായത്. ആദ്യഘട്ടമായ തൂണുകൾ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്.
ജനനേതാവിന്റെ ഈയൊരാഗ്രഹം ബാക്കി നിൽക്കുന്നതിൽ അതീവ ദുഃഖിതരാണ് കുടുംബം. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഈ പണിപൂർത്തിയാക്കാത്ത വീട്ടിലെത്തിക്കണമെന്ന ആഗ്രഹം കുടുംബം മുന്നോട്ട് വച്ചിരുന്നു. ഇതോടെ ഇവിടേക്ക് മൃതദേഹം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും ഇവിടേക്ക് കൊണ്ടുവരിക.