ആഗോള ദൈവദശക പ്രാർത്ഥന സംഗമത്തിൽ പങ്കാളികളായി എസ്.എന്‍.എം.സി വാഷിംഗ്ടൺ ഡിസി

Global Indian Writer · October 28, 2026 · 1 min read · 0 Comments · 0 Shares

വാഷിംഗ്ടൺ ഡിസി: രാജ്യങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യരാശിയെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും സന്ദേശത്തിൽ ഒന്നിപ്പിച്ച് സംഘടിപ്പിച്ച ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞം ചരിത്രവിജയമായി. ശ്രീനാരായണ ഗുരുദേവൻ രചിച്ച ‘ദൈവദശകം’ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരേസമയം ആലപിച്ച ഈ മഹാസംഗമത്തിൽ, 50-ഓളം രാജ്യങ്ങളിൽ നിന്നായി 40 ലക്ഷത്തിലധികം പേർ പങ്കെടുത്തു.

ഈ ചരിത്രനിമിഷത്തിന്റെ ഭാഗമായി ശ്രീനാരായണ മിഷൻ സെന്റർ (SNMC) വാഷിംഗ്ടൺ ഡിസിയും പ്രാർത്ഥനാഗീതം ആലപിച്ച് പങ്കാളികളായി. അമേരിക്കയിലെ ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി മേഖലയിൽ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനും, ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് SNMC. ഗുരുദേവദർശനങ്ങൾ അടുത്ത തലമുറയിലേക്ക് പകരുന്നതിനൊപ്പം, കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും പ്രകാശമാണ് ഈ സംഘടന പകരുന്നത് .

2026 ഒക്ടോബർ 25 ഞായറാഴ്ച, ഇന്ത്യൻ സമയം രാത്രി 7:15-നായിരുന്നു ലോകത്തിന്റെ വിവിധ കോണുകളിൽ ഒരേസമയത്ത് പ്രാർത്ഥനാ സ്വരങ്ങൾ ഉയർന്നത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾക്ക് പുറമേ യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഗൾഫ് മേഖലകൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഗുരുമന്ദിരങ്ങളിലും ആശ്രമങ്ങളിലും സംഘടനാ കേന്ദ്രങ്ങളിലും പൊതുവേദികളിലും കുടുംബസംഗമങ്ങളിലും വിശ്വാസികളും ഗുരുദർശന സ്നേഹികളും ഒത്തുചേർന്നു.

യുദ്ധങ്ങളും സംഘർഷങ്ങളും മതവിദ്വേഷവും സാമൂഹിക വിഭജനങ്ങളും കടുത്ത വെല്ലുവിളിയുയർത്തുന്ന ആധുനിക കാലഘട്ടത്തിൽ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രകാശമേകുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒരു ലോകം, ഒരു പ്രാർത്ഥന’ എന്ന ആശയത്തിൽ ഈ ആഗോള സംരംഭം സംഘടിപ്പിച്ചത്.

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡി’ന്റെ (Sree Narayana Forum for Universal Brotherhood) സ്ഥാപക ചെയർമാൻ ഡോ. വരുൺ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ലോകവ്യാപകമായ ഈ പ്രാർത്ഥനാ കൂട്ടായ്മ യാഥാർഥ്യമായത്. എസ്.എൻ.ഡി.പി. യോഗം ഉൾപ്പെടെയുള്ള പ്രമുഖ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിവിധ രാജ്യങ്ങളിലെ ആത്മീയ, സാംസ്കാരിക, സാമൂഹിക സംഘടനകളുടെയും പൂർണ്ണ സഹകരണത്തോടെയായിരുന്നു സംഘാടനം.

മലയാളത്തിൽ രചിക്കപ്പെട്ട ദൈവദശകം തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ ഭാഷകളിലും ആലപിക്കപ്പെട്ടു. ഭാഷാ വ്യത്യാസങ്ങൾക്കപ്പുറം ഒരേ പ്രാർത്ഥനയുടെ ആശയവും മനുഷ്യസ്നേഹത്തിന്റെ സന്ദേശവും പങ്കുവെക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.

1914-ൽ ശ്രീനാരായണ ഗുരുദേവൻ ആലുവയിലെ സംസ്കൃതപാഠശാലയിലെ വിദ്യാർഥികൾക്കായി രചിച്ച പത്ത് ശ്ലോകങ്ങളടങ്ങിയ ‘ദൈവദശകം’, ഉന്നതമായ ആത്മീയദർശനം അവതരിപ്പിക്കുന്ന പ്രാർത്ഥനാഗീതമാണ്. കാലാന്തരത്തിൽ ഇത് ലോകമെമ്പാടുമുള്ള ആത്മീയാന്വേഷകരുടെയും പ്രിയപ്പെട്ട പ്രാർത്ഥനയായി മാറി.

“ദൈവമേ! കാത്തുകൊൾകങ്ങു, കൈവിടാതിങ്ങു ഞങ്ങളെ…” എന്ന പ്രാർത്ഥനയിൽ തെളിയുന്നത് വ്യക്തിയുടെ മാത്രം നന്മയല്ല; മറിച്ച്, സമസ്ത ജീവജാലങ്ങളുടെയും ക്ഷേമം ആഗ്രഹിക്കുന്ന വിശാലമായ മാനവികബോധമാണ്. ജാതി, മത, ദേശ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യന്റെ അന്തസ്സിനെയും സഹവർത്തിത്വത്തെയും ഉയർത്തിപ്പിടിച്ച ഗുരുദേവദർശനം ഇന്നത്തെ ലോകത്തിന് എത്രത്തോളം പ്രസക്തമാണെന്ന് ഈ ആഗോള കൂട്ടായ്മ വീണ്ടും ഓർമിപ്പിച്ചു.

മനുഷ്യരെ വേർതിരിക്കുന്ന അതിരുകളേക്കാൾ ശക്തമാണ് അവരെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമെന്ന വലിയ സന്ദേശം നൽകിക്കൊണ്ടാണ് 2026 ഒക്ടോബർ 25-ലെ ആഗോള ദൈവദശക പ്രാർത്ഥനാ സംഗമം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.

വിഡിയോ കാണാന്‍ താഴെ കാണുന്ന യുട്യൂബ് ലിങ്കില്‍ ക്ലിക്കുചെയ്യുക

വാര്‍ത്ത: സന്ദീപ് പണിക്കല്‍

Share this story

Leave a Comment

Your comment will be visible after admin approval.