ഹലീമ സൽമാൻ ആയുധപരിശീലനം നേടിയ കേസിൽ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി; 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക് : കൗമാരപ്രായത്തിൽ പിതാവ് സിറിയയിലെത്തിച്ച് ഐഎസ് ഭീകരന് വിവാഹം ചെയ്തു കൊടുത്ത ഹലീമ സൽമാൻ ഭീകരസംഘടനയിൽ നിന്ന് ആയുധപരിശീലനം നേടിയ കേസിൽ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി. കുറ്റം തെളിഞ്ഞതോടെ യുഎസ് പൗരയായ ഹലീമയ്ക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. വിധി കേട്ടതോടെ ഹലീമയും അമ്മയും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. 2019 ൽ സിറിയയിലെ ബാഗൂസിൽ വച്ച് ഐഎസ് വിരുദ്ധ സേന ഹലീമയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് 2024 ൽ ന്യൂയോർക്കിലേക്ക് തിരിച്ചെത്തിയപ്പോഴാണ് യുഎസ് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തത്.

ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള ഒരു ഗാനം ഒരിക്കൽ ഭർത്താവിന് അയച്ചുകൊടുത്തിരുന്നു എന്ന് ക്രോസ് വിസ്താരത്തിനിടെ അവർക്ക് സമ്മതിക്കേണ്ടി വന്നു. റൈഫിൾ കൈവശം വച്ചിരിക്കുന്ന ഹലീമയുടെ ദൃശ്യങ്ങൾ ഭർത്താവാണ് പകർത്തിയതെന്നും ഈ ആയുധം ഉപയോഗിക്കാൻ ഹലീമ പരിശീലനം നേടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ തോക്കെടുത്തതെന്നായിരുന്നു ഹലീമയുടെ മൊഴി.

ഹലീമ സൽമാൻ ഭീകരസംഘടനയോട് കൂറുപുലർത്തുകയും അവരുടെ പ്രവർത്തനങ്ങളിൽ സ്വമേധയാ പങ്കാളിയാവുകയും ചെയ്തതായി പ്രോസിക്യൂഷൻ വാദിച്ചു. ഹലീമ റൈഫിൾ കൈവശം വച്ചിരിക്കുന്ന ദൃശ്യങ്ങളും ഐഎസ് പതാകയ്ക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളും ഭർത്താവിന് അയച്ച സ്നേഹസന്ദേശങ്ങളും ജൂറിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി.

നിലവിൽ 27 വയസ്സുള്ള ഹലീമ, സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കെണിയിൽ അറിയാതെ അകപ്പെട്ടുപോയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ‘ബ്രൂക്ലിനിൽ ജനിച്ചുവളർന്ന തന്നെ 17 വയസ്സുള്ളപ്പോഴാണ്, തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനെന്ന വ്യാജേന 2017 ൽ പിതാവ് കുടുംബത്തെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ, അവർ സഞ്ചരിച്ച വാഹനം സിറിയയിലേക്കാണ് കടന്നത്. അവിടെ മുഖംമൂടി ധരിച്ച സായുധർ അവരെ വളഞ്ഞു. താൻ കടുത്ത ഭയത്തിലും ആശയക്കുഴപ്പത്തിലുമായിരുന്നുവെന്നും പിതാവ് തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഒരറിവുമുണ്ടായിരുന്നില്ല. സംഭവിച്ച പല കാര്യങ്ങൾക്കും ഞാൻ എന്റെ പിതാവിനെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്’ – ഹലീമ കോടതിയിൽ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.