യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും തുടരുന്നു. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഷാർജയിലും ദുബൈയിലും പാർക്കുകൾ അടച്ചു. ബീച്ചുകളിൽ രാത്രി നീന്തുന്നതിനും വിലക്കേർപ്പെടുത്തി.
യു എ ഇയുടെ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. ഇന്നലെ ദുബൈ, ഷാർജ, അജ്മാൻ നഗരമേഖലകളിൽ വീശിയടിച്ച കാറ്റും മഴയും വ്യാപകനാശ നഷ്ടങ്ങൾക്കിടയാക്കിയിരുന്നു. ഇന്ന് രാവിലെ റാസൽഖൈമ, ഫുജൈറ, അബൂദബി എമിറേറ്റിന്റെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അൽഐൻ മേഖലയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുകയാണ്.
കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ഷാർജയിലെ പാർക്കുകൾ അടച്ചിടുകയാണെന്ന് ഷാർജ നഗരസഭ അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മുതൽ ദുബൈയിലെ പാർക്കുകളും അടക്കുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദുബൈയിലെ ബീച്ചുകളിൽ രാത്രി നീന്താനുള്ള സൗകര്യവും ഇന്ന് രാത്രി ഏഴ് മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മരം കടപുഴകി വീണും മറ്റും നാശനഷ്ടങ്ങൾ നേരിട്ട സ്ഥലങ്ങളിൽ നഗരസഭയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.