മനാഗ്വ∙ വിനോദയാത്രയ്ക്കിടെ നദിയിലെ ഒഴുക്കിൽപ്പെട്ട് ട്രാവൽ ഇൻഫ്ലുവൻസർ ഉൾപ്പെടെ മൂന്ന് യുവതികൾ മരിച്ചു. വടക്കൻ നിക്കരാഗ്വയിൽ വിനോദയാത്ര നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് ട്രക്ക് ശക്തമായ മഴയെ തുടർന്ന് നദിയിലെ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. ഫ്രഞ്ച് വ്ലോഗറും ട്രാവൽ ഇൻഫ്ലുവൻസറുമായ എമ്മ മേരി ലോറന്റ് (24), സ്വിസ് പൗരയായ നോയേ ലുഷർ (20), നിക്കരാഗ്വൻ സ്വദേശിയും ഹോട്ടൽ ജീവനക്കാരിയുമായ കാരെൻ ലോപ്പസ് മൊണ്ടാനോ എന്നിവരാണ് മരിച്ചത്.
ഒക്ടോബർ ഒൻപതിന് പുലർച്ചെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ നദികളിൽ ജലനിരപ്പും ഒഴുക്കും വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച് നഹ്വാലാപ നദിക്ക് കുറുകെ കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.
നദിക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ മാർട്ടിൻ ജെറാർഡോ ഗാർസിയ ഗിറോൺ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമൂഹമാധ്യമത്തിൽ ‘ബെയർഫൂട്ട് ബിഎഫ്എഫ്’ (Barefoot BFF) എന്ന പേരിൽ അറിയപ്പെട്ടിരുന്ന എമ്മ മേരി ലോറന്റ് വ്യത്യസ്തമായ യാത്രാനുഭവങ്ങൾ പങ്കുവച്ചാണ് ശ്രദ്ധനേടിയിരുന്നത്. വാനിൽ താമസിച്ചുകൊണ്ട് വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ജീവിതശൈലിയായിരുന്നു എമ്മയുടെ പ്രത്യേകത. രണ്ട് സ്യൂട്ട്കേസുകൾക്കിടയിലാണ് തന്റെ ജീവിതമെന്നും വിശേഷിപ്പിച്ചിരുന്ന എമ്മ ആഡംബര ഹോട്ടലുകളേക്കാൾ പ്രകൃതിയോടും യാത്രകളോടും ചേർന്നുനിൽക്കുന്ന ജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നത്.
നിക്കരാഗ്വയിലെ ചിനാൻഡേഗയിൽ താമസിക്കുന്ന സഹോദരിയെ സന്ദർശിക്കാനായാണ് എമ്മ എത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. പിക്കപ്പ് ട്രക്ക് എങ്ങനെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡ്രൈവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Leave a Comment
Your comment will be visible after admin approval.