മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം

Global Indian Writer · October 30, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. മന്ത്രിയെ വളഞ്ഞു നിന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.


കാലടി സർവകലാശാലയിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ലൈറ്റുകൾ തകരാറിലായതിൽ പ്രതിഷേധിച്ച് നടത്തിയ നാടകത്തെ ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധമായാണ് മന്ത്രി ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ചതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. സംഭവത്തിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും സംഘടന വ്യക്തമാക്കി.


പ്രതിഷേധം സമാധാനപരമായിരുന്നുവെന്നാണ് എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ബിരുദദാന ചടങ്ങ് തടസപ്പെടുത്തുകയോ മന്ത്രിയെ ആക്രമിക്കുകയോ ചെയ്യുകയായിരുന്നില്ല ലക്ഷ്യമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി തേടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, ശുദ്ധജലം ലഭ്യമാക്കുക, സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ചില വകുപ്പുകളിൽ അധ്യാപകരില്ലാത്ത സാഹചര്യമുണ്ടെന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.