നാഷ്വിൽ : ഒരു മാസം മുമ്പ് യുഎസിലെ ടെനിസിയിൽ വിഷമിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്ന് രക്ഷപ്പെട്ട ക്രിസ്റ്റ പൈക്ക് സംഭവത്തിന് ശേഷം ആദ്യമായി പ്രതികരണവുമായി രംഗത്ത്. താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കിലും, ‘മുറിവുകൾ ഉണങ്ങുന്നു എന്നതിനർഥം വേദനകൾ അവസാനിച്ചു എന്നല്ല’ എന്ന് അവർ വ്യക്തമാക്കി. ‘അന്നത്തെ രാത്രിക്ക് ശേഷം വേദനയില്ലാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ശരീരം മുഴുവൻ നീറുകയാണ്; കൈകളും തൊണ്ടയുമെല്ലാം വല്ലാതെ വേദനിക്കുകയും ഇപ്പോഴും സംസാരിക്കാൻ ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നു’ അഭിഭാഷകർ മുഖേന പുറത്തുവിട്ട രേഖാമൂലമുള്ള പ്രസ്താവനയിൽ പൈക്ക് പറഞ്ഞു. ‘വേദന എന്റെ ശരീരത്തിൽ മാത്രമൊതുങ്ങുന്ന ഒന്നല്ല, അത് എന്റെ മനസ്സിനെയും ആത്മാവിനെയും കാർന്നുതിന്നുകയാണ്.’ – ക്രിസ്റ്റ പൈക്ക് വ്യക്തമാക്കി.
1995 ൽ സഹപാഠിയായ കോളിൻ സ്ലെമ്മറെ ക്രൂരമായി മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ സെപ്റ്റംബർ 30 നായിരുന്നു ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു ഡോസ് പെന്റോബാർബിറ്റൽ കുത്തിവച്ചിട്ടും മരണത്തിന് കീഴടങ്ങാതെ വന്നതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന് തൊട്ടുപിന്നാലെ വെന്റിലേറ്ററിലായ പൈക്ക് ജീവനോടെ തിരിച്ചുവരുമെന്ന് അഭിഭാഷകർ പോലും കരുതിയിരുന്നില്ല. എന്നാൽ ബോധം തിരിച്ചുകിട്ടിയ അവർ, പിന്നീട് പരസഹായത്തോടെ നടക്കാനും സംസാരിക്കാനും തുടങ്ങി.
10 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം നാഷ്വിലിലെ പുനരധിവാസ കേന്ദ്രത്തിൽ ഏകാന്തതടവിലാണ് ക്രിസ്റ്റയിപ്പോൾ. ജയിലിലും ഇവർക്ക് തുടർചികിത്സ നൽകിവരികയാണെന്ന് അഭിഭാഷകർ അറിയിച്ചു. മരണത്തെ നേരിടാൻ താൻ പൂർണ്ണമായും തയാറെടുത്തിരുന്നുവെന്നും എന്നാൽ അതിനുപകരം, ‘തീർത്തും ഏകാകിയായി, എന്തുനടന്നുവെന്ന് മനസ്സിലാകാതെ, കൊടും വേദനയോടെ ഒരു ആശുപത്രി കിടക്കയിലാണ് താൻ കണ്ണുതുറന്നത്’ എന്നും ക്രിസ്റ്റ പൈക്ക് പ്രസ്താവനയിൽ ഓർത്തെടുക്കുന്നു.
Leave a Comment
Your comment will be visible after admin approval.