തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാം കേസിൽ കസ്റ്റഡിലായ പെൺകുട്ടിക്ക് മെസേജ് അയച്ചതാണ് കൊലപാതകത്തിന് കാരണമായത്. കസ്റ്റഡിയിലുള്ള പെൺകുട്ടിയും കൊലപാതകം നടത്തിയ 17 കാരനും പ്രണയത്തിലായിരുന്നു. അഭിരാം സ്ഥിരമായി തനിക്ക് ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയക്കാറുണ്ട് എന്ന് പെൺകുട്ടി ആൺസുഹൃത്തിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ കൊണ്ട് 17 കാരനായ സുഹൃത്ത് അഭിരാമിനെ വിളിച്ചുവരുത്തി. കസ്റ്റഡിയിലുള്ള റൗഡി ലിസ്റ്റിൽ പെട്ട ശ്രീകാര്യം സ്വദേശി ഉമറും കസ്റ്റഡിയിലുള്ള 17 കാരനും സുഹൃത്തുക്കളാണ്. പാങ്ങപ്പാറ എത്താൻ പെൺകുട്ടിയെ കൊണ്ട് അഭിരാമിനെ വിളിച്ചുപറയിച്ച ശേഷം സുഹൃത്തായ 17 കാരനും ഉമറുംചേർന്ന് കൊന്നതെന്നാണ് നിഗമനം.
പാങ്ങപ്പാറയിലെ കാടുമൂടിയ പ്രദേശത്തുനിന്നാണ് അഭിരാമിന്റെ മൃതദേഹം കണ്ടെടുത്തത്. ഇൻസ്റ്റഗ്രാമിൽനിന്ന് പെൺകുട്ടിയുടെ ശബ്ദത്തിലുള്ള കോൾ ലഭിച്ചതിന് പിന്നാലെയാണ് അഭിരാം വീട്ടിൽനിന്ന് ഇറങ്ങിയത്. വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനിരിക്കെയാണ് സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പുറത്തുപോയത്. ഉടൻ തിരിച്ചെത്താമെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും രാത്രി ഏറെ വൈകിയിട്ടും മടങ്ങിയെത്തിയില്ല. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയെയും രണ്ടു ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇൻസ്റ്റഗ്രാമിലൂടെ അഭിരാമിനെ വിളിച്ചുവരുത്തിയ പെൺകുട്ടിയും കസ്റ്റഡിയിലുള്ളവരിൽ ഉൾപ്പെടുന്നതായാണ് പ്രാഥമിക സൂചന. ഇരുവരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.