ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന്

Global Indian Writer · November 1, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. രാംലീല മൈതാനിയിൽ ലക്ഷക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന റാലിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 10 മണിക്ക് മിന്റോ റോഡിൽ നിന്ന് തുടങ്ങി കൊണാട്ട് പ്ലേസ് വഴി രാംലീല മൈതാനിയിലേക്കാണ് നേതാക്കളുടെ നേതൃത്വത്തിൽ മാർച്ചും റാലിയും ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. റാലിയുടെ ഭാഗമായി ഡൽഹിയിലുടനീളം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി 3,000ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000ത്തിലധികം അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി മൈതാനത്തെ 14 സോണുകളായി തിരിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.


പ്രതിഷേധത്തിനെത്തുന്നവർ ഷോപ്പിങ് നടത്തണമെന്നും രാംലീലയുടെ പരിസരത്ത് നിന്ന് പരമാവധി സാധനങ്ങൾ വാങ്ങുന്നത് പ്രാദേശിക കച്ചവടക്കാർക്ക് സഹായകമാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. റാലി കച്ചവടക്കാർക്ക് ദോഷം ചെയ്യില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നത് കിംവദന്തികൾ മാത്രമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാളെത്തെ മാർച്ച് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ വ്യാപാരികൾ കത്തയച്ചിരുന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രതിഷേധ റാലിയിലും യോഗത്തിലും പങ്കെടുക്കാനായി ഡൽഹിയിലെത്തിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.