സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനൊരുങ്ങി ഇന്‍ഫോസിസ്. ഇതിനായി 100 കോടിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്‍ഫോസിസിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗകമായ ഇന്‍ഫോസിസ് ഫൗണ്ടേഷനാണ് ‘സ്റ്റെം സ്റ്റാഴ്‌സ്’ (STEM STARS) എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് തുടങ്ങിയ (STEM) വിഷയങ്ങളില്‍ ഉപരിപഠനത്തിന് ശ്രമിക്കുന്ന ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2000 പെണ്‍കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക.
കൂടുതല്‍ വിവരങ്ങള്‍
ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായമാണ് പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് ഇന്‍ഫോസിസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതുപ്രകാരം നാല് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക.
കോഴ്‌സ് കാലയളവില്‍ ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, പ്രതിവര്‍ഷം 1 ലക്ഷം വരെ ചെലവ് വരുന്ന പഠന സാമഗ്രികള്‍ എന്നിവ സ്‌കോളര്‍ഷിപ്പിലൂടെ നല്‍കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ അംഗീകൃത സ്ഥാപനങ്ങള്‍, ഐ.ഐ.ടികള്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് പിലാനി, എന്‍.ഐ.ടികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമാവുന്നുണ്ട്. വിദ്യാര്‍ഥിനികള്‍ക്ക് https://apply.infsoys.org/foundation എന്ന വെബ്‌സൈറ്റ് വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ സാധിക്കും.
പെണ്‍കുട്ടികള്‍ക്ക് സുവര്‍ണാവസരം; 100 കോടിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ഇന്‍ഫോസിസ്; നാല് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.