ചെസ് ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആർ പ്രഗ്നാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് കാർ നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സോഷ്യൽ മീഡിയയിലൂടെ പലരും പ്രഗ്നാനന്ദയ്ക്ക് ഥാർ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഥാറിനു പകരം ഇലക്ട്രിക് കാർ നൽകുമെന്ന് ആനന്ദ് മഹീന്ദ്ര എക്സ് ആപ്പിൽ കുറിച്ചത്.
ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനക്കരാനായതില്‍ ആഹ്ലാദമെന്ന് പ്രഗ്നാനന്ദ പറഞ്ഞിരുന്നു. ഫിഡെ ലോകകപ്പ് വെള്ളി മെഡല്‍ നേടിയതിന്റെയും 2024 കാന്‍ഡിഡേറ്റ്‌സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണെന്ന് പ്രഗ്നാനന്ദ ട്വീറ്റ് ചെയ്തു. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.ചിത്രത്തില്‍ വെള്ളി മെഡല്‍ അമ്മ നാഗലക്ഷ്മിയുടെ കഴുത്തില്‍ ഇട്ടുകൊടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്‌ക്കൊപ്പം എന്നായിരുന്നു പ്രഗ്നാനന്ദ കുറിച്ചത്. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദിയെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫൈനലില്‍ നോര്‍വേ ഇതിഹാസ താരം മാഗ്‌നസ് കാള്‍സനോടായിരുന്നു പ്രഗ്നാനന്ദ പരാജയപ്പെട്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സന്‍ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. ചെസ് ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കാള്‍സനും പ്രഗ്‌നാനന്ദയും നേര്‍ക്കുനേര്‍ വന്നത്. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്.