മസ്കത്ത്: ഒമാൻ തീരത്തിന് സമീപം വ്യാവസായിക ചരക്കുകപ്പലിനു നേരെ നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ‘എംഎസ്വി അൽ ജുസുഫി’ എന്ന കപ്പലിനു നേരെയാണ് ഇന്നലെ വൈകിട്ടോടെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഗുജറാത്ത് സ്വദേശി ഗന്ധർ നഹീം അസീസ് ആണ് പരുക്കേറ്റ് മരിച്ചത്. ഒമാൻ തീരത്തെ ലിമയ്ക്ക് സമീപത്തു കൂടെ സഞ്ചരിക്കുമ്പോൾ അജ്ഞാത ഡ്രോൺ കപ്പലിൽ പതിക്കുകയായിരുന്നുവെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ശക്തമായ അമർഷവും ദുഃഖവും രേഖപ്പെടുത്തി. രാജ്യാന്തര സമുദ്രപാതകളിലെ വ്യവസായ കപ്പലുകൾക്കും സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രക്ഷപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹവും ബാക്കിയുള്ള ജീവനക്കാരെയും വേഗത്തിൽ നാട്ടിലെത്തിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയവും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.