മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവിന് സ്റ്റേ

Global Indian Writer · November 3, 2026 · 1 min read · 0 Comments · 0 Shares

വയനാട്: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ ഉത്തരവിന് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ അനുവദിച്ചത്‌.


ഉത്തരവ് വന്നതിനു പിന്നാലെ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സ്‌റ്റേ ചെയ്തത്. സ്റ്റേ ലഭിച്ചതോടെ പ്രിൻസിപ്പലിനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന പഠിപ്പ് മുടക്കി പ്രതിഷേധം അവസാനിപ്പിച്ചു. ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.

മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തില്‍, വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിന്‍സിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ഷിവി കൃഷ്ണന്‍ പറഞ്ഞത്. പിന്നീട് യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, രക്തപരിശോധനാ ഫലം പൂര്‍ണമായി അംഗീകരിക്കാന്‍ ഒരു വിഭാഗം ആളുകള്‍ തയാറായിരുന്നില്ല. സംഭവം നടന്ന് 12 മണിക്കൂര്‍ വരെ വൈകിയാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നുമായിരുന്നു ഇവരുടെ ആരോപണം.

Share this story

Leave a Comment

Your comment will be visible after admin approval.