ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ബാങ്ക് തട്ടിപ്പ് കേസിലുമാണ് നടപടി. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഒരു ഓഫീസ് കെട്ടിടം എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു. ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, സ്ഥാവര സ്വത്തുക്കൾ, ലഭിക്കാനുള്ള പണം, നിക്ഷേപങ്ങൾ എന്നിവയും നടപടിയുടെ ഭാഗമായിട്ടുണ്ട്.
റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 263.05 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ 247.12 കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. രണ്ട് കേസുകളിലുമായി കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 510 കോടി രൂപയിലേറെയാണ്. ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണയ വിനിമയ നിയന്ത്രണ നിയമം (ഫെമ) എന്നിവ പ്രകാരം റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 23,100 കോടി രൂപയായി
Leave a Comment
Your comment will be visible after admin approval.