വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന കടമ്പയാണ് ഭാഷാ ടെസ്റ്റുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഭാഷയായത് കൊണ്ട് തന്നെ മിക്ക വിദേശ യൂണിവേഴ്‌സിറ്റികളിലും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അത്യാവശ്യമാണ്. വിദേശ പഠനം വളരെ വ്യാപകമായ ഇന്നത്തെ കാലത്ത് മുക്കിലും മൂലയിലും ഇത്തരം ഭാഷാ പഠന സെന്ററുകളും നമുക്ക് കാണാന്‍ സാധിക്കും. മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പരീക്ഷയാണ് ഐ.ഇ.എല്‍.ടി.സ്. നിരവധി വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ഐ.ഇ.എല്‍.ടി.എസ് കോഴ്‌സുകള്‍ക്ക് അഡ്മിഷനെടുക്കുന്നത്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസിന് പുറമെ TOFEL, GRE, GMAT, LSAT, PTE എന്നീ പരീക്ഷകളും വിദേശ പഠനത്തിന് ഉതകുന്നതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇവയില്‍ പലതും അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ അംഗീകാരമുള്ളവയാണ്. അത്തരത്തില്‍ വിദേശ പഠനത്തിന് ഉതകുന്ന ആറ് പ്രവേശന പരീക്ഷകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
ഐ.ഇ.എല്‍.ടി.എസ്
വിദേശ പഠനത്തിന് ആവശ്യമായ മിനിമം ഭാഷാ വൈദഗ്ദ്യത്തെ അളക്കുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. നമ്മുടെ നാട്ടിലടക്കം ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വിദേശ പഠന പരീക്ഷയാണ് ഇത്. ഇംഗ്ലീഷ് ഭാഷ പ്രചാരത്തിലുള്ള ലോകത്തിലെ നല്ലൊരു ശതമാനം യൂണിവേഴ്‌സിറ്റികളും ഐ.ഇ.എല്‍.ടി.എസ് പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്യം അളക്കുന്നതിനും സ്‌കില്‍ അസസ്‌മെന്റിനുമായാണ് ഐ.ഇ.എല്‍.ടി.എസ് ഉപയോഗപ്പെടുത്തുന്നത്. നാല് മൊഡ്യൂളുകളായാണ് പരീക്ഷ നടക്കുന്നത്. listening, reading, writing, speaking എന്നിവയാണവ. ഒരോ ഘട്ടത്തിലും നിശ്ചിത മാര്‍ക്ക് നേടിയാല്‍ മാത്രമേ പരീക്ഷയില്‍ വിജയിക്കാനാവൂ.
TOEFL
പ്രധാനമായും യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഭാഷാ വൈദഗ്ദ്യ പരീക്ഷയാണിത്. പ്രധാനമായും അക്കാദമിക് ലെവലില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അളക്കുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്. 190 രാജ്യങ്ങളിലെ 11,000 യൂണിവേഴ്‌സിറ്റികളില്‍ ടോഫല്‍ പരീക്ഷക്ക് അംഗീകാരമുണ്ട്.
സ്വകാര്യ സ്ഥാപനമായ എഡ്യുക്കേഷനല്‍ ടെസ്റ്റിങ് സര്‍വ്വീസ് (ETS) നടത്തുന്ന പരീക്ഷയാണിത്. രണ്ട് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുള്ളത്.
GTE
അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനായി ഉപയോഗപ്പെടുത്തുന്ന പരീക്ഷയാണ് ജി.ആര്‍.ഇ. എജ്യൂക്കേഷനല്‍ ടെസ്റ്റിങ് സര്‍വ്വീസ് നടത്തുന്ന പരീക്ഷയാണ് ഇതും. 1936ല്‍ കാര്‍ണേജ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് ടീച്ചിങ് ആണ് ജി.ആര്‍.ഇ പരീക്ഷക്ക് തുടക്കം കുറിച്ചത്. അനലറ്റിക്കല്‍ റൈറ്റിങ്, വെര്‍ബല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ് എന്നീ ഘട്ടങ്ങളിലൂടെയാണ് പരീക്ഷ.
GMAT
എം.ബി.എ അടക്കമുള്ള ബിസിനസ് കോഴ്‌സുകളില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണിത്. ഇംഗ്ലീഷ് ഭാഷ വ്യാകരണത്തിലെ മികവ്, വായന, എഴുത്ത് എന്നിവ പരീക്ഷിക്കപ്പെടും. മാത്രമല്ല അനലറ്റിക്കല്‍ റൈറ്റിങ്, ഇന്റഗ്രേറ്റഡ് റീസണിങ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ബീജ ഗണിതം, ജ്യാമിതി എന്നീ വിഷയങ്ങളിലുള്ള മികവും പരിഗണിച്ചാണ് യോഗ്യത തീരുമാനിക്കുന്നത്.
LSAT
യു.എസ്.എ, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമ കോളജുകളില്‍ പ്രവേശനം നേടുന്നതിനായി നടത്തപ്പെടുന്ന പരീക്ഷയാണിത്. ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍.എസ്.എ.സി) യാണ് പരീക്ഷ നടത്തുന്നത്. വായന, അനലറ്റിക്കല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, എഴുത്ത് എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. 1948ലാണ് എല്‍.എസ്.എ.ടി പരീക്ഷകള്‍ ആരംഭിക്കുന്നത്. അഞ്ച് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. 2019 ന് ശേഷമാണ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കി തുടങ്ങിയത്.
പി.ടി.ഇ
ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍ എന്നീ പരീക്ഷകള്‍ക്ക് സമാനമായി നടത്തപ്പെടുന്ന ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്യ പരീക്ഷയാണ് പി,ടി.ഇ. speaking, writing, reading, listening എന്നീ ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. നാല് ഘട്ടങ്ങളിലും നിശ്ചിത മാര്‍ക്ക് കരസ്ഥമാക്കുന്നവരാണ് വിജയികളാവുന്നത്. ലോകത്തിലെ തന്നെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.ഇ പരീക്ഷക്ക് അംഗീകാരമുണ്ട്.