ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതിനിടെ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ക്കായി കാനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നം കൂടുതള്‍ വഷളാക്കാനോ ശ്രമിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയില്‍ വലിയ രീതിയുള്ള സുരക്ഷ ഭീഷണിയുണ്ടെന്നാരോപിച്ച് കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പുറത്തിറക്കിയത്.
സാഹചര്യങ്ങള്‍ പെട്ടെന്ന് മാറിമറിയാന്‍ സാധ്യതയുണ്ടെന്നും ചില സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഏതുസമയവും തീവ്രവാദ ആക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് മാര്‍ഗനിര്‍ദേശം. എപ്പോഴും ജാഗ്രതയോടെയിരിക്കണം. പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും പ്രാദേശിക ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. അത്യാവശ്യമല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്. ഇപ്പോള്‍ ഇന്ത്യയിലാണെങ്കില്‍ അവിടെ തന്നെ നില്‍ക്കേണ്ടതുണ്ടോയെന്ന് ആലോചിക്കണം. നില്‍ക്കേണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ മടങ്ങിവരണം. സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ കഴിയുന്ന കാനേഡിയന്‍ പൗരന്മാര്‍ അവിടെനിന്നും മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കണം. പ്രവചനാതീതമായ സുരക്ഷ സാഹചര്യത്താല്‍ ജമ്മു കശ്മീരിലേക്കുള്ള യാത്ര ഒഴിവാക്കണം. തീവ്രവാദ ഭീഷണി, പ്രാദേശിക സംഘര്‍ഷം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് ജമ്മു കശ്മീരില്‍ സന്ദര്‍ശം ഒഴിവാക്കണമെന്ന് കാനഡ നിര്‍ദേശിച്ചിരിക്കുന്നത്.