തിരുവനന്തപുരം: മെസ്സിയുടെ പേരിൽ കേരളത്തിൽ സംഘടിപ്പിക്കാനിരുന്ന ഫുട്ബോൾ പരിപാടിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അബ്ദുറഹിമാനെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. മുൻ മന്ത്രിയെ പ്രതിചേർക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. അബ്ദുറഹിമാനൊപ്പം സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫ് അലിയെയും മുൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെയും പ്രതിചേർക്കാനാണ് അനുമതി ലഭിച്ചത്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് നൽകിയ അപേക്ഷയിലാണ് ഗവർണർ അനുമതി നൽകിയത്.
കേസിൽ മുൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള തീരുമാനം സർക്കാർ നയപരമായ തീരുമാനത്തിന്റെ ഭാഗമായതിനാൽ മുൻ മന്ത്രിയെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടുന്നതാണ് ഉചിതമെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഗവർണർക്ക് അപേക്ഷ നൽകിയത്.
ഫയലുകൾ പരിശോധിച്ച ശേഷമാണ് ഗവർണർ അനുമതി നൽകിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികളും കേസിൽ നിർണായകമാകും.
Leave a Comment
Your comment will be visible after admin approval.