ടെക്സസ്: ക്രൂസ് കപ്പലിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ടത് സൂസൻ വാട്ഫോർഡും (31) പ്രതി ഭർത്താവ് ജേസൺ വാട്ഫോർഡാണെന്നും (48) പൊലീസ് കോടതിയെ അറിയിച്ചു.
എംഎസ്സി സീസ്കേപ് എന്ന ക്രൂസ് കപ്പലിലെ കാബിനിൽവച്ച് കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. അത്താഴത്തിനിടെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. പിന്നീട് കാബിനിലേക്ക് മടങ്ങിയപ്പോഴും വഴക്ക് തുടർന്നു. ഇതിനിടെ പ്രകോപിതനായ ജേസൺ ഭാര്യയെ പലതവണ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ വായിൽനിന്ന് രക്തം വരുന്നതുവരെ മർദിച്ചെന്നും കോടതി രേഖകളിലുണ്ട്.
തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് എഫ്ബിഐയുടെ ചോദ്യം ചെയ്യലിൽ ജേസൺ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഏകദേശം നാല് മുതൽ അഞ്ച് മിനിറ്റ് വരെ ഇരുകൈകളും ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിൽ അമർത്തിപ്പിടിച്ചു. ക്ഷീണം തോന്നിയതോടെയാണ് പിടിവിട്ടതെന്നും ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
ടെക്സസിലെ ടൈലർ സ്വദേശിനിയായ സൂസൻ കൊളറാഡോ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് ബിരുദം നേടിയിരുന്നു. 2019ൽ ടാർഗറ്റിന്റെ വെയർഹൗസിൽ ജീവനക്കാരിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സ്ഥാനക്കയറ്റങ്ങൾ നേടി 2024 മേയിൽ വെയർഹൗസ് ടീം ലീഡായി. മരിക്കുമ്പോഴും ഇതേ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു.
ക്രൂസ് കപ്പലിൽ ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് ഒരാഴ്ച നീളുന്ന യാത്രയ്ക്കായാണ് ദമ്പതികൾ യാത്ര തിരിച്ചത്. ടെക്സസിലെ ഗാൽവെസ്റ്റണിൽനിന്ന് ഞായറാഴ്ചയായിരുന്നു യാത്ര ആരംഭിച്ചത്. രാത്രി ഒൻപത് മണിയോടെ ദമ്പതികളുടെ കാബിനിലെത്തിയ ഹൗസ് കീപ്പർ തൂവാലകൾ നൽകാൻ വാതിലിൽ മുട്ടി. ജേസൺ വാതിൽ തുറന്നപ്പോൾ കാബിനിൽ അനക്കമില്ലാതെ കിടക്കുന്ന സൂസന്റെ മൃതദേഹവും ഇയാളുടെ വസ്ത്രത്തിൽ രക്തക്കറയും ഹൗസ് കീപ്പർ കണ്ടു. തുടർന്ന് കപ്പൽ ജീവനക്കാരുടെ സുരക്ഷാ വിഭാഗം ജേസണെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.