ശബരിമല തീർത്ഥാടകർക്ക് സൗജന്യ ലൈഫ് ഇൻഷുറൻസ്; മരണം സംഭവിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപ

Global Indian Writer · November 13, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. തീർത്ഥാടന കാലയളവിൽ ശബരിമലയിൽവെച്ച് മരിക്കുന്ന ഭക്തരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക ലഭിക്കും. പദ്ധതിയുടെ മുഴുവൻ പ്രീമിയവും ദേവസ്വം ബോർഡ് വഹിക്കും.

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ബോർഡിന്റെ ക്ഷേമനിധിയിൽനിന്നാണ് പ്രീമിയം തുക അടയ്ക്കുക. ഇതിനായി ഒരു കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. തീർത്ഥാടകരുടെ വെർച്വൽ ക്യൂ ബുക്കിങ് സമയത്ത് നോമിനിയുടെ പേരും തീർത്ഥാടകനുമായുള്ള ബന്ധവും ശേഖരിക്കും.

ശബരിമല തീർത്ഥാടകർക്ക് ആദ്യമായാണ് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. നേരത്തെ അപകടമരണങ്ങൾക്ക് മാത്രമായിരുന്നു ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നത്. പുതിയ പദ്ധതി തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.

അതേസമയം, മണ്ഡലകാലത്ത് തീർത്ഥാടകരുടെ സൗകര്യാർഥം നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകൾ ആരംഭിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും തീർത്ഥാടനത്തിന് മുന്നോടിയായി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.