തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിൽ ഗുരുതരമായ സാമ്പത്തിക, ഭരണപരമായ ക്രമക്കേടുകൾ കണ്ടെത്തി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അവലോകന റിപ്പോർട്ട്. കിഫ്ബിയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിനും നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി സംസ്ഥാനത്തിന് 70,415.54 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. വായ്പകളുടെ തിരിച്ചടവ് 2041-42 സാമ്പത്തിക വർഷം വരെ നീളുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ നിലവിലെ വായ്പാ മാതൃക തുടരേണ്ടതില്ലെന്നും വിപണിയിൽനിന്ന് പുതിയ വായ്പകൾ എടുക്കുന്നതും പദ്ധതികൾക്ക് നേരിട്ട് പണം അനുവദിക്കുന്നതും അവസാനിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) സമഗ്ര പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. നിലവിലുള്ള പദ്ധതികൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ വഴി ബജറ്റ് വിഹിതം ഉപയോഗിച്ച് പൂർത്തിയാക്കാനാണ് ശുപാർശ.
കിഫ്ബി വഴി വായ്പയെടുത്തതിന്റെ ഫലമായി കേരളത്തിന്റെ വായ്പാ പരിധിയിൽ 25,932.55 കോടി രൂപയുടെ കുറവുണ്ടായതായി റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തിന്റെ നേരിട്ടുള്ള വായ്പകളേക്കാൾ ഉയർന്ന പലിശനിരക്കിലാണ് കിഫ്ബി വായ്പയെടുത്തത്. ഇതുമൂലം പ്രതിവർഷം 396 കോടി രൂപയുടെ അധിക പലിശബാധ്യതയുണ്ടായി. മസാല ബോണ്ട് വഴിയുള്ള വായ്പയിൽ 181.73 കോടി രൂപയുടെ അധിക ചെലവുണ്ടായതായും സമിതി കണ്ടെത്തി.
2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ സർക്കാർ കിഫ്ബിക്ക് കൈമാറിയ തുകയുടെ 99.4 ശതമാനവും വായ്പ തിരിച്ചടവിനാണ് ഉപയോഗിച്ചത്. വരുമാനം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗവും പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ല. വരുമാനമുണ്ടാക്കുന്ന പദ്ധതികളായി തരംതിരിച്ച 44 പദ്ധതികളിൽ മൂന്നെണ്ണത്തിന് മാത്രമാണ് സ്വന്തം വരുമാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാനായത്.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ ധനകാര്യ വകുപ്പിന്റെ അധികാരത്തെയും മേൽനോട്ടത്തെയും മറികടന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വായ്പകൾക്ക് സർക്കാർ ഗ്യാരന്റി നൽകേണ്ടതില്ലെന്ന ധനകാര്യ വകുപ്പിന്റെ തീരുമാനം 2023 ജൂൺ ആറിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മറികടന്നത് ചട്ടലംഘനമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങൾ മാറ്റാൻ മന്ത്രിസഭയ്ക്കു മാത്രമാണ് അധികാരമെന്നും റിപ്പോർട്ടിൽ പറയുന്നു.
അനുവദിച്ച 40 തസ്തികകൾക്കു പകരം കിഫ്ബിയിൽ 498 പേർ ജോലി ചെയ്യുന്നതും ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൺസൾട്ടൻസി സ്ഥാപനങ്ങൾക്കുള്ള പണമിടപാടുകളിലും ഭൂമി ഏറ്റെടുക്കലിലും സുതാര്യതക്കുറവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ, പാലക്കാട് ജില്ലകളിലെ വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളും സമിതിയുടെ പരിശോധനയ്ക്ക് വിധേയമായി. ഏറ്റെടുത്ത ഭൂമിയിൽ ചിലയിടങ്ങളിൽ വർഷങ്ങളായിട്ടും വ്യവസായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലും ഭൂമി ഏറ്റെടുക്കലിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.