മിസിസിപ്പിയിൽ ടാങ്കർ ഇടിച്ച് വിനോദസഞ്ചാരക്കപ്പൽ മറിഞ്ഞു; 180 പേരും രക്ഷപ്പെട്ടു, 32 പേർ ആശുപത്രിയിൽ

Global Indian Writer · November 14, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ലൂസിയാനയിൽ മിസിസിപ്പി നദിയിൽ നങ്കൂരമിട്ടിരുന്ന വിനോദസഞ്ചാരക്കപ്പലിൽ ടാങ്കർ കപ്പൽ ഇടിച്ച് അപകടം. നവംബർ 13 വെള്ളിയാഴ്ച നടന്ന അപകടത്തിൽ ‘അമേരിക്കൻ ഹെറിറ്റേജ്’ എന്ന വിനോദസഞ്ചാരക്കപ്പലാണ് മറിഞ്ഞത്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 180 പേരും രക്ഷപ്പെട്ടു.

‘അറ്റ്ലാന്റിക് അസ്ഫാൾട്ട്’ എന്ന ടാങ്കർ ഇടിച്ചതിനെത്തുടർന്ന് വിനോദസഞ്ചാരക്കപ്പലിലേക്ക് വെള്ളം കയറുകയും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ് മറിയുകയുമായിരുന്നു. പരിക്കേറ്റ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തകരും പൊലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും മറ്റു കപ്പലുകളിലെ ജീവനക്കാരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു. നദിയിൽ വീണ യാത്രക്കാരെയും ജീവനക്കാരെയും ഇവർ സുരക്ഷിതമായി കരകയറ്റി.

ടാങ്കറിന്റെ ദിശാനിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് ന്യൂ ഓർലിയൻസ് മേയർ ഹെലേന മൊറേനോ സൂചിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. എല്ലാവരെയും ജീവനോടെ രക്ഷിക്കാനായത് “മിസിസിപ്പിയിലെ അത്ഭുതം” എന്നാണ് മേയർ വിശേഷിപ്പിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.