ഗാസ സിറ്റി: യുഎസ്എസ്ആർ പോലെ തന്നെ യുഎസും തകരുമെന്ന് ഹമാസ് വക്താവ്. ഒരു ലെബനീസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹമാസ് വക്താവ് അലി ബറക ഇക്കാര്യം പറഞ്ഞത്. സോവിയറ്റ് യൂണിയനെപ്പോലെ യുണൈറ്റഡ് സ്റ്റേറ്റ്സും തകരും. അമേരിക്കയുടെ ശത്രുക്കളെല്ലാം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം അവരെല്ലാം ഒന്നിക്കും. അതോടെ അമേരിക്കയെ ഭൂതകാലത്തിൽ മാത്രം അവശേഷിക്കുന്ന ഒന്നായി മാറ്റുമെന്ന് ഹമാസ് വക്താവ് പറഞ്ഞു.
അമേരിക്ക ശക്തമായി തുടരില്ല. അമേരിക്കയെ ആക്രമിക്കാൻ ദക്ഷിണ കൊറിയയ്ക്ക് ശക്തിയുണ്ട്. തങ്ങളുടെ സഖ്യത്തിന്റെ ഭാഗമായതിനാൽ തന്നെ ഉത്തര കൊറിയ ഇടപെടുന്ന ദിവസമുണ്ടാകുമെന്ന് അലി ബറക പറഞ്ഞു. റഷ്യയും ചൈനയുമായി ഹമാസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായും ഹമാസ് വക്താവ് അറിയിച്ചു. ഹമാസ് പ്രതിനിധി സംഘം അടുത്തിടെ മോസ്‌കോയിലേക്ക് പോയതായും ബീജിംഗിലേക്കും പോകുമെന്നും അലി ബറക പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു. 4.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 220 വിദേശ പൗരൻമാർക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടു; വടക്കൻ ഗാസ പൂർണമായി ഒഴിയണമെന്ന് ഇസ്രയേലിന്റെ അന്ത്യശാസനം
അതേസമയം ഗാസയിലെ യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ ആക്രമണമുണ്ടായി. അൽ-ഫഖുറ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 12 പേര്‍ കൊല്ലപ്പെട്ടതായും 54 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇസ്രയേൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.