ഫാ എബി പുതുമനയ്ക്ക് ഓസ്ട്രിയയിലെ ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്തിന്റെ ഗോള്‍ഡന്‍ അവാര്‍ഡ്

Global Indian Writer · November 16, 2026 · 1 min read · 0 Comments · 0 Shares

ജോബി ആന്റണി

വിയന്ന∙ ഓസ്ട്രിയയിലെ ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്തിന്റെ ഉന്നത ബഹുമതികളിലൊന്നായ ഗോള്‍ഡന്‍ ഓണററി പുരസ്കാരം മലയാളി വൈദികനായ ഫാ. എബി പുതുമനയ്ക്ക് ലഭിച്ചു. ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 11-ന് ഐസന്‍സ്റ്റഡിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഫാ. എബി പുതുമന ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ അജപാലന ശുശ്രുഷകളും, വിവിധ ദേവാലയങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും, അഗ്‌നിശമനസേനയുമായി സഹകരിച്ചു നടത്തിയ പദ്ധതികളുമാണ് അദ്ദേഹത്തെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഹാന്‍സ് പീറ്റര്‍ ഡോസ്‌കോസില്‍, സംസ്ഥാന പാര്‍ലമെന്റ് പ്രസിഡന്റ് ആസ്ട്രിഡ് ഐസന്‍കോഫ്, ഉപ മുഖ്യമന്ത്രി ആന്‍യ ഹെയ്ഡര്‍-വാള്‍നര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഫാ. എബി പുതുമന ഉള്‍പ്പെടെ 16 വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ ഓണററി പുരസ്‌കാരം ലഭിച്ചത്. ഗെര്‍ഹാര്‍ഡ് ആള്‍ട്ട്മാന്‍, ഉര്‍സുല ബ്രെഡ്‌ലിംഗര്‍, ഹെര്‍മന്‍ സാര്‍മിറ്റ്‌സ്, ഡീറ്റ്മാര്‍ ഫെര്‍സ്റ്റല്‍ തുടങ്ങിയവരും ഈ അംഗീകാരത്തിന് അര്‍ഹരായി.

വിശുദ്ധ മാര്‍ട്ടിന്റെ തിരുനാള്‍ ദിനമായ നവംബര്‍ 11 ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ദിനം കൂടിയാണ്. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വിവിധ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതാണ് ഈ ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം.

Share this story

Leave a Comment

Your comment will be visible after admin approval.