പി പി ചെറിയാൻ
ഫ്ലോറിഡ:. ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു. 2023 മാർച്ചിൽ കോസിയുടെ നിയമസ്ഥാപനത്തിലെ ശുചിമുറിയിൽ വെച്ചാണ് കൊലപാതകം നടന്നത്. മെഡിക്കൽ ബില്ലിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം മൃതദേഹം എവർഗ്ലേഡ്സിലെ മാലിന്യ കണ്ടെയ്നറിൽ തള്ളിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. മാലിന്യം കോംപാക്ട് ചെയ്യുന്ന കേന്ദ്രത്തിലേക്ക് മാറ്റിയതിനാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ശുചിമുറിയിലും കൊസോവ്സ്കിയുടെ വീടിന്റെ ഗാരേജിലും നിന്ന് ലഭിച്ച രക്തവും ഡിഎൻഎ പരിശോധനാഫലവും കേസിൽ നിർണ്ണായകമായി.
വിചാരണയ്ക്കിടെ സ്വയം വാദിക്കാൻ തീരുമാനിച്ച കൊസോവ്സ്കിയെ നേരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം അതീവ ആസൂത്രിതവും ക്രൂരവുമായിരുന്നുവെന്ന് നിരീക്ഷിച്ച പിനെല്ലാസ് സർക്യൂട്ട് ജഡ്ജി ജോസഫ് ബലോൺ വധശിക്ഷ വിധിക്കുകയായിരുന്നു. അറസ്റ്റ് സമയത്ത് കൊസോവ്സ്കിയുടെ പക്കൽ നിന്ന് 2,80,000 ഡോളർ പണവും മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
Leave a Comment
Your comment will be visible after admin approval.