തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ഇന്ന് എത്തുന്നതു പ്രമാണിച്ച് കനത്ത സുരക്ഷാ ക്രമീകരണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തിൽ തീരുമാനം. ക്യാംപസിലും ഗവർണറുടെ സഞ്ചാരപാതയിലും പൊലീസ് ഉണ്ടാകും. മഫ്‌ടിയിലും പൊലീസ് സേവനം ഉറപ്പാക്കും.
ആരോഗ്യ വകുപ്പ്, റവന്യൂ, അഗ്‌നിരക്ഷാ സേന തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും യൂണിവേഴ്സിറ്റിയിലെ യോഗത്തിൽ പങ്കെടുത്തു. വിവിഐപി ഗെസ്റ്റ് ഹൗസും പരിസരങ്ങളും പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഗെസ്റ്റ് ഹൗസിലെ മുഴുവൻ മുറികളും ഒഴിച്ചിട്ടിരിക്കുകയാണ്. ഗവർണർക്കും പഴ്‌സനൽ സ്റ്റാഫിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമേ തിങ്കൾ രാത്രി വരെ മുറികൾ അനുവദിക്കൂ. നൂറുകണക്കിന് പൊലീസുകാരെ ക്യാംപസിലും പുറത്തുമായി വിന്യസിക്കും.