പത്തനംതിട്ട: ശബരിമലയിൽ വീണ്ടും തീർത്ഥാടകരുടെ വൻ തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരിയാണ് ഇപ്പോഴുള്ളത്. പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. 14 മണിക്കൂറിലധികം സമയമാണ് തീർത്ഥാടകർക്ക് കാത്തു നിൽക്കേണ്ടി വരുന്നത്.
അതേസമയം, എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്. കെ എസ് ആർ ടി സി മാത്രം കടത്തിവിട്ടതും പ്രതിഷേധത്തിന് കാരണമായി. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ് ആർ ടി സി അടക്കം ഇവർ തടഞ്ഞിട്ടു.