തിരുവനനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത നിർമാണ പദ്ധതികളിൽ മെല്ലെപോക്ക്. ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ മുതൽ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള കെട്ടിട നിർമ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ കാര്യത്തിലാകട്ടെ കരാറുകാർക്ക് പണം കൈമാറുന്നതിലും കാലതാമസം നേരിടുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി കരാറുകാർ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
വരവും ചെലവും തമ്മിൽ പൊരുത്തമില്ലാത്ത – ശമ്പളവും പെൻഷനും കഴിഞ്ഞാൽ പിന്നെ മറ്റൊന്നിനും പണം ബാക്കിയില്ലാത്ത കേരളത്തിൽ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പോംവഴിയായി അവതരിപ്പിക്കപ്പെട്ട സ്ഥാപനമാണ് കിഫ്ബി. മോട്ടോർ വാഹന നികുതിയിലൂടെയും ഇന്ധന സെസിലൂടെയും മസാല ബോണ്ടിലൂടെയും കിഫ്ബിയിലേക്ക് പണം സമാഹരിച്ചു. ദേശീയപാത വികസനം അടക്കം നിരവധി പദ്ധതികൾക്കിത് ഊർജ്ജമാവുകയും ചെയ്തു. എന്നാൽ കുറച്ചുകാലമായി കിഫ്ബി ഏറ്റെടുത്ത പദ്ധതികൾക്ക് എന്താണ് സംഭവിക്കുന്നത്?
കോവളം മുതൽ ബേക്കൽ വരെ 11 ജില്ലകളെ ബന്ധിപ്പിച്ച് കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട സംസ്ഥാന ജലപാത. ദേശീയപാത വികസനത്തിന് സമാന്തരമായി മലയോര തീരദേശ- ഹൈവേകൾ. വൻകിട വികസന പദ്ധതികൾക്കായൊന്നും സംസ്ഥാന ഖജനാവിനെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കിഫ്ബി എന്ന ഒറ്റമൂലിയിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങിയ വൻകിട പദ്ധതികൾ അനവധി. ഇവയ്ക്ക് ഒപ്പം റോഡ്, പാലം, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങി ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിക്ക് കീഴിൽ തുടങ്ങിയ നൂറുകണക്കിന് നിർമ്മാണ പ്രവർത്തികൾ.
എന്നാൽ കഴിഞ്ഞ കുറച്ച് ഏറെ നാളുകളായി ഇവയിൽ പല പ്രവൃത്തികളും ഇഴഞ്ഞ് നീങ്ങുന്നു എന്നാണ് ആക്ഷേപം. കിഫ്ബിയെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതിനു ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്രത്തിന്റെ കടുംപിടുത്തം പ്രശ്നമാണെങ്കിലും ഏറ്റെടുത്ത പദ്ധതികളെ അത് ബാധിച്ചു തുടങ്ങിയിട്ടില്ലെന്നാണ് കിഫ്ബി വാദം. എന്നാൽ ഈ വാദം തെറ്റെന്ന് കണക്കുകൾ നിരത്തി പറയുകയാണ കിഫ്ബി പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ. നിർമ്മാണം പൂർത്തിയാക്കി വർഷം ഒന്ന് കഴിഞ്ഞിട്ടും ബില്ല് മാറാഞ്ഞതിനെ തുടർന്ന് കോടതിയെ സമീപിച്ചവരും ഏറെ.
മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി വിവിധ തലങ്ങളിലുള്ള സൂക്ഷ്മ പരിശോധനകൾ കിഫ്ബിയുടെ പ്രത്യേകത ആണെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങാതെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാം എന്നതും കരാറുകാർക്ക് പണം അനുവദിക്കാം എന്നതും ആയിരുന്നു എഫ്ബി അധികൃതർ ഉറപ്പ് നൽകിയ കാര്യം. ഇക്കാര്യത്തിൽ കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാം നേരത്തെ പറഞ്ഞ നിലപാട് ഇതായിരുന്നു.
അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 1999 ൽ സംസ്ഥാന സർക്കാർ കിഫ്ബി ക്ക് രൂപം നൽകിയെങ്കിലും വിപുലമായ രീതിയിൽ ധനസമാഹരണം നടത്തി വൻകട പദ്ധതികൾ ഏറ്റെടുക്കാൻ തുടങ്ങിയത് 2016 പിണറായി സർക്കാർ അധികാരമേറ്റശേഷമായിരുന്നു. ഇതുവരെ ദേശീയ അന്തർദേശീയ ഏജൻസികളിൽ നിന്നും ധനകാര്യ വിപണികളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമായി 23670 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 986 പദ്ധതികളിലായി 73851 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പ് പരിധിയിൽ കൈവച്ചതോടെ പദ്ധതികളുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്.