കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വേതനവും ആകർഷകമായ ശമ്പളം മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.
നിരവധി ഗാർഹിക തൊഴിലാളികൾ ജോലി വിട്ടതും ശ്രീലങ്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതും പ്രാദേശിക ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ താൽക്കാലികമായി അവസാനിപ്പിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയതായി ഗാർഹിക തൊഴിലാളി വിദഗ്ധന്‍ ബസ്സാം അൽ-ഷമാരി അഭിപ്രായപ്പെട്ടു.
പ്രാദേശിക വിപണിയിൽ പ്രതിമാസം 5,000 മുതൽ 6,000 വരെ സ്ത്രീ തൊഴിലാളികൾ ആവശ്യമാണ്. എന്നാല്‍ പുതിയ റഗുലേറ്ററി തീരുമാനങ്ങൾ ആഭ്യന്തര തൊഴിൽ വിപണിയെ ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വാണിജ്യ- വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നീവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.