രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിച്ചു. യാത്ര കടന്നുപോകുന്ന വഴിയില്‍ കൂട്ടിമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മണിപ്പൂരിലടക്കം മോദി സര്‍ക്കാരിന്‍റെ ‘അന്യായം’ തുടരുന്നതിനാലാണ് യാത്രയുടെ പേരിനൊപ്പം ‘ ന്യായ് ‘ എന്ന് ചേര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനവും ഇന്നു തുടങ്ങും.
നാഗാലാന്‍ഡിലെ തുളിയില്‍ നിന്ന് അസമില്‍ പ്രവേശിച്ച യാത്ര, അസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പതാക കൈമാറിയാണ് പര്യടനം തുടങ്ങിയത്. ബസ് കടന്നു പോകുന്ന വഴികളില്‍ പരമ്പരാഗത നൃത്തച്ചുവടുകളുമായി യുവതികള്‍ കാത്തുനിന്നു. പഴയ സഹപ്രവര്‍ത്തകനും പ്രഖ്യാപിത ശത്രുവുമായ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്ക് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ അസമിലേതെന്ന് കോണ്‍ഗ്രസ് നേതാവ്.