Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകണ്ണൂരില്‍ വീണ്ടും കെ. സുധാകരന്‍?: സമ്മര്‍ദ്ദം ഏറുന്നു

കണ്ണൂരില്‍ വീണ്ടും കെ. സുധാകരന്‍?: സമ്മര്‍ദ്ദം ഏറുന്നു

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ ഉറച്ച കോട്ടയായ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെപിസിസി അദ്ധ്യക്ഷനും എംപിയുമായ കെ. സുധാകരന്‍ വീണ്ടും മത്സരിച്ചേക്കും എന്ന് സൂചന. ആവശ്യമുന്നയിച്ച് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഏറിവരികയാണ്. കോണ്‍ഗ്രസ്സിന് വിജയസാധ്യതയുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. സുധാകരനല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ പരാജയം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് എന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ താനില്ല എന്ന് കെ. സുധാകരന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കണം എന്ന ശക്തമായ ആവശ്യവുമായി പ്രവര്‍ത്തകരും നേതാക്കളും മുന്നോട്ട് വന്നിരിക്കുന്നത്.  

കെപിസിസി അദ്ധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന കെ. സുധാകരന്‍ പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പോലൊരു നേതാവ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറരുതെന്നും അദ്ദേഹം മത്സരിച്ചാല്‍ അത് കേരളത്തില്‍ ഒന്നടങ്കം വലിയ ആവേശമുണ്ടാക്കും എന്നുമാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ കെ. സുധാകരന്‍ തിരഞ്ഞെടുപ്പിലെത്തുന്നത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമെന്നും കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലും അതിന്റെ ഫലം കാണാന്‍ സാധിക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ കെ. സുധാകരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കെ. സുധാകരന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

പ്രവര്‍ത്തകരുടെയും ഹൈക്കമാന്റിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കെ. സുധാകരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന ശക്തമായ സൂചനയാണ് നിലവിലുള്ളത്. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും വികാരങ്ങളും മാനിക്കുന്ന നേതാവ് എന്ന നിലയില്‍ ഈ ആവശ്യവും അദ്ദേഹം തള്ളിക്കളയില്ല എന്നാണ് പ്രതീക്ഷ എന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments