കൽപറ്റ: വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകും. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ധാരണയായതായി ജില്ല കലക്ടർ രേണുരാജ് അറിയിച്ചു.
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതിൽ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. 40 ലക്ഷം കൂടി നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിലേക്ക് നൽകും. കടബാധ്യതകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിക്കും.
യോഗത്തിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ജനപ്രതിനിധികൾ, സബ് കലക്ടർ മിസാൽ സാഗർ ഭാരത്, ജില്ല പൊലീസ് മേധാവി ടി. നാരായണൻ, ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, റവന്യു അധികൃതർ, വിവിധ കക്ഷി രാഷട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. ചർച്ചയിലെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകി.
അതേസമയം, ആനയെ മയക്കുവെടി വെക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് നീക്കം. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
ഇന്ന് രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് മതില്‍ ചാടി വീട്ടുമുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു.