Sunday, May 12, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവനം മന്ത്രിയെ പുറത്താക്കണം: കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടമെന്ന് കെ. സുധാകരൻ

വനം മന്ത്രിയെ പുറത്താക്കണം: കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടമെന്ന് കെ. സുധാകരൻ

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ അജിഷെന്ന യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകന്‍ എംപി. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇതു കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് സുധാകരന്‍ പറഞ്ഞു.

കേരളത്തെ ആശങ്കയിലാഴ്ത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് മാനന്തവാടിയില്‍ ഉണ്ടായത്. റോഡരികിലുള്ള വീടിന്റെ മതില്‍ തകര്‍ത്താണ് ആന അജിഷിനെ കൊലപ്പെടുത്തിയത്. കേരളത്തിലെ വീടുകള്‍പോലും വന്യമൃഗാക്രമണത്തില്‍നിന്ന് സുരക്ഷിതമല്ല. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

മൃതദേഹം രാവിലെ ഏഴിന് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിയായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സംഭവസ്ഥലത്ത് കുതിച്ചെത്തേണ്ട വനംമന്ത്രിയെ അവിടെയൊന്നും കണ്ടില്ല. വയനാട് ജില്ലയുടെ ചുമതലയുള്ള ഈ മന്ത്രിയുടെ കുറ്റകരമായ വീഴ്ചകള്‍ കണക്കിലെടുത്ത് ഉടനടി മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രി പുറത്താക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അജിഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തരമായി അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കണം. കുടുംബത്തിനു ജോലി തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

2020- 21ല്‍ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്. വകുപ്പ് ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ഇതാണ്. വന്യജീവി ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഇപ്പോഴത് അമ്പതെങ്കിലും ആയിട്ടുണ്ട്. സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വന്യജീവി ആക്രമണം പെരുകുമ്പോള്‍ സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെല്ലാം ഇപ്പോള്‍ നാട്ടില്‍ സൈര്യവിഹാരം നടത്തുന്നു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ വന്യമൃഗ ആക്രണം ഉണ്ടാകുന്നത്. ഇതിനുള്ള ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments