ഇസ്ലാമാബാദ്: പാകിസ്താനില്‍ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിംലീഗും ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറില്‍ അസിഫ് അലി സര്‍ദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99 സീറ്റാണ് പിടിഐ സ്വതന്ത്രർക്ക് ലഭിച്ചത്.
എന്നാൽ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി പാകിസ്താന്‍ മുസ്ലിം ലീഗ് (പിഎംഎൽഎൻ) ആണെന്നാണ് നവാസ് ഷെരീഫിന്റെ വാദം. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമമെന്ന് നവാസ് ഷെരീഫ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നിലപാടാണ് നിർണ്ണായകമായത്.
നിലവിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഇമ്രാൻ ഖാൻ. രാജ്യത്തിന്റെ വലിയ പ്രതിരോധമാണ് പിടിഐയുടെ മുന്നേറ്റമെന്നായിരുന്നു എഐ വിഡീയോയില്‍ ഇമ്രാന്‍ ഖാന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ അനുസരിച്ച് പിടിഐ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന നവാസ് ഷെരീഫിന്റെ വാദം ജനങ്ങള്‍ അംഗീകരിക്കില്ല. 150ലധികം സീറ്റുകള്‍ പിടിഐ സ്വതന്ത്രര്‍ നേടിയെന്നും ഇമ്രാന്‍ ഖാന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
പാകിസ്താനില്‍ സുസ്ഥിര സര്‍ക്കാര്‍ അനിവാര്യമെന്നായിരുന്നു സൈനിക മേധാവിയുടെ പ്രസ്താവന. ജനങ്ങള്‍ക്ക് സേവനം നല്‍കാനാണ് തെരഞ്ഞെടുപ്പും ജനാധിപത്യവും. തെരഞ്ഞെടുപ്പ് വിജയകരമാക്കിയതിന് ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ അസിം മുനീര്‍ പ്രതികരിച്ചു. എന്നാൽ പാകിസ്താനിലെ സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പ് നടപടികളില്‍ ആശങ്ക അറിയിച്ച് അമേരിക്ക രംഗത്തെത്തി. വോട്ടെടുപ്പില്‍ പൗരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടുവെന്നും തിരഞ്ഞെടുപ്പില്‍ സൈന്യം ഇടപെട്ടുവെന്നത് അന്വേഷിക്കണമെന്നുമായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ടമെന്റിന്റെ പ്രസ്താവന.
ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പ്രതീക്ഷകൾ കൂടിയാണ് ഇതോടെ അസ്തമിക്കുന്നത്. തുടരെ തുടരെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിറ്റുവെന്ന കേസിൽ നിലവിൽ 14 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.