മസ്കത്ത്: മസ്‌കത്ത്- റിയാദ് ബസ് സർവീസിന് ഇന്ന് തുടക്കമാകും. ഒമാനെയും സൗദിയേയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവീസ് നടത്തുന്നത്. ദിവസവും രാവിലെ ആറ് മണിക്ക് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം അഞ്ച് മണിക്ക് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
ഇമിഗ്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രയ്ക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ എടുക്കുമെന്ന് അൽ ഖഞ്ചാരി ട്രാൻസ്‌പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ചാരി പറഞ്ഞു. ഒമാനിൽ റൂവി, നിസ്, ഇബ്രി എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണുണ്ടാകുക. പ്രമോഷനൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുമാസം വൺവേക്ക് 25 ഒമാൻ റിയാലായിരിക്കും ഈടാക്കുക. ഇതിന് ശേഷം 35 റിയാലായിരിക്കും നിരക്ക്. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ് സർവീസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.