ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വടകരയിലെ സിറ്റിങ് എം.പി കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയാകും. ആലപ്പുഴയിൽ കെ .സി.വേണുഗോപാൽ മത്സരിക്കും. ബാക്കി സീറ്റുകളിൽ സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാനും ധാരണയായി.
പത്മജ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ.മുരളീധരൻ എത്തുന്നത്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനാണ് മുരളീധരന്റെ പേര് തൃശൂരിൽ മുന്നോട്ടുവച്ചത്. അതേസമയം മുരളീധരന്‍ തൃശൂരിലേക്ക് വരുന്നതോടെ ടി.എൻ പ്രതാപനെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്നാണ് ധാരണ. വടകരയിൽ ഷാഫി പറമ്പിൽ എത്തുന്നതോടെ മുസ്‍ലിം പ്രാതിനിധ്യവും കോൺഗ്രസ് ഉറപ്പിക്കും. ആലപ്പുഴയിൽ പല പേരുകളും പരിഗണിച്ചെങ്കിലും കെ.സി വേണുഗോപാൽ മത്സരിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന നേതാക്കൾ ഉറച്ചുനിന്നു. ഇതോടെയാണ് കെ.സി വേണുഗോപാൽ തീരുമാനം അറിയിച്ചത്.