റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 150 ആയി. 187 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ആക്രമണവുമായി ബന്ധമുള്ള 11 പേരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ നാലുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ്ഐഎസ്-കെ ഏറ്റെടുത്തിരുന്നു.
ആക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്തെത്തി. രക്തരൂക്ഷിതവും പ്രാകൃതവുമായ ഭീകരാക്രമണമാണിതെന്ന് പുടിൻ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പുടിൻ, ഞായറാഴ്ച ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു.
‘‘ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് രക്തരൂക്ഷിതമായ, നിഷ്ഠൂരമായ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. അതിന്റെ ഇരകൾ ഡസൻ കണക്കിന് നിരപരാധികളും സാധാരണക്കാരുമായിരുന്നു. മാർച്ച് 24 ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കുന്നു’’- പുടിൻ പറഞ്ഞു.
“നിരപരാധികളെ വെടിവെച്ച് കൊന്ന തീവ്രവാദ പ്രവർത്തനത്തിലെ നാല് കുറ്റവാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർ യുക്രെയ്‌നിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു, പ്രാഥമിക വിവരം അനുസരിച്ച്, അവർക്ക് അതിർത്തി കടക്കാൻ ഒരു ഇടനാഴി ഉണ്ടായിരുന്നു. ഭീകരർക്കു പിന്നിൽ നിന്ന, ആക്രമണത്തിന് തയ്യാറായ എല്ലാവരെയും ഞങ്ങൾ കണ്ടെത്തി ശിക്ഷിക്കും,” റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
ഇന്നലെ രാത്രി മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീതപരിപാടിയിലാണ് യന്ത്രത്തോക്കുമായി അക്രമികള്‍ ഇരച്ചുകയറിയത്. ഇതോടെ ആളുകള്‍ ചിതറിയോടി. കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനമുണ്ടായി. പ്രശസ്ത റോക്ക് ബാന്‍ഡായ പിക്നിക്കിന്‍റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പുണ്ടായത്. ക്രോക്കസ് ഹാളിന്‍റെ മേല്‍ക്കൂരയിലേക്കടക്കം തീപടര്‍ന്നു. പ്രതിരോധ ആസ്ഥാനമായ ക്രെംലിനില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാള്‍.
റഷ്യയില്‍ ഐ എസ് ആക്രമണത്തിനൊരുങ്ങുനുവെന്ന് സൂചനകള്‍ കിട്ടിയിരുന്നെന്നും ഇക്കാര്യം റഷ്യയെ അറിയിച്ചിരുന്നുവെന്നും യു എസ് എംബസി വ്യക്തമാക്കി. കൂടുതല്‍ ആളുകളെത്തുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യു എസ് പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിരുന്നു. മുന്നറിപ്പുകള്‍ അവഗണിച്ചെന്നും സുരക്ഷാവീഴ്ചയെന്നും റഷ്യയ്ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.