അബൂദബി: യു.എ.ഇ പ്രഖ്യാപിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് 2.25 കോടി രൂപ ( ഒരു മില്യൻ ദിർഹം) സംഭാവന ചെയ്ത് മലയാളി വ്യവസായി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലാണ് തുക പ്രഖ്യാപിച്ചത്. റമദാനിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് യു.എ.ഇ വേറിട്ട ഈ പദ്ധതി പ്രഖ്യാപിച്ചത്.
അമ്മമാർക്ക് ആദരമർപ്പിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ചതാണ് മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിൻ. ലോകമെമ്പാടും വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഈ സംഭാവന. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ സാമൂഹ്യ പ്രതിബദ്ധതക്കും യുഎഇയുടെ സഹായ സന്നദ്ധതക്കുമുള്ള പിന്തുണയാണിതെന്ന് ഡോ. ഷംസീർ വയലിൽ പറഞ്ഞു.