റിയാദ്: സൗദിയുടെ ഹൈറേഞ്ചുകളിൽ ശക്തമായ മഴ തുടരുന്നു. അസീറിന്റെയും നജ്റാന്റെയും അൽബഹയുടേയും പല ഭാഗങ്ങളിലും മഴയെത്തി. അൽ നമാസിൽ കനത്ത ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയുമുണ്ടായി.
ഇടവപ്പാതി കണക്കെയാണ് സൗദിയുടെ ഹൈറേഞ്ചുകളിൽ മഴ. ഇന്നലെ ആരംഭിച്ച മഴ പുലർച്ചെ കത്തിക്കയറി. സൗദിയിലെ അസീറിൽ സമീപകാലത്തെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ചക്കും ഹൈറേഞ്ച് സാക്ഷിയായി. പലഭാഗങ്ങളിലും റോഡുകളിൽ രണ്ടര അടി വരെ മഞ്ഞ് നിറഞ്ഞു.
വാദികൾ അഥവാ താഴ്‌വാരകളിൽ മലവെള്ളപ്പാച്ചിലുണ്ട്. അൽ ബഹയിലും സമാനമാണ് സ്ഥിതി. മഴയോടൊപ്പം ഇടിയും മിന്നലും എത്തുന്നുണ്ട്. കനത്ത മൂടൽ മഞ്ഞും ഉള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശമുണ്ട്. ഖമീസ്മുശൈത്ത്,അബ്ഹ, ബല്ലസ് മാർ, തനൂമ, അൽ നമാസ്, സബ്ത്തൂൽ ആലാ എന്നിവടങ്ങിൽ മഴ തുടർന്നേക്കും.
മഴയും മഞ്ഞ് വീഴ്ചയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും തെരുവിലേയ്ക്ക് ഇറങ്ങുകയാണ്.