ടൊറന്റോ: കനേഡിയന്‍ വനിതകളുടെ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് ഇനി സര്‍ക്കാര്‍ സഹായം, ഐയുഡി, ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണല്‍ ഇംപ്ലാന്റ്, ഡേ ആഫ്റ്റര്‍ പില്‍ തുടങ്ങിയ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ സൗജന്യമാക്കിയത്. ഇതിന്റെ പ്രയോജനം ഒന്‍പത് ദശലക്ഷം വനിതകള്‍ക്ക് ലഭിക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ടൊറന്റോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് അവര്‍ക്ക് ആവശ്യമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും അതിനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സൗജന്യമാക്കുന്നുവെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഒരു ബില്ലിന്റെ ആദ്യഭാഗമാണ് വെളിപ്പെടുത്തുന്നത്. ബില്ലിന്റെ മറ്റു കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ കാനഡയുടെ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഏറ്റവും വലിയ വിപുലീകരണമാകും.
ഭരണകൂടം ഏകദേശം 3.7 ദശലക്ഷം കാനഡക്കാരുടെ പ്രമേഹ മരുന്നുകളുടെ ചെലവും വഹിക്കും. പുതിയ സംവിധാനത്തിന്റെ ചെലവോ സമയമോ പ്രഖ്യാപിച്ചിട്ടില്ല.
വരും വര്‍ഷങ്ങളില്‍ ഇത് നടപ്പിലാക്കുന്നതിനാല്‍ കൂടുതല്‍ മരുന്നുകള്‍ പദ്ധതിയിലേക്ക് ചേര്‍ക്കും. 2021ലെ കണക്കുകള്‍ പ്രകാരമുള്ള ഒഇസിഡി റിപ്പോര്‍ട്ട് പ്രകാരം ജപ്പാന്‍, ജര്‍മ്മനി, യു എസ് എന്നീ മൂന്ന് രാജ്യങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളേക്കാളും പ്രതിശീര്‍ഷ മരുന്ന് ചെലവ് കാനഡയ്ക്ക് കൂടുതലാണ്.
പുതിയ പ്രഖ്യാപനത്തോടെ ആരോഗ്യ സംരക്ഷണം നടത്തുന്ന കാനഡയിലെ പ്രവിശ്യകളുടെ അംഗീകാരം സര്‍ക്കാര്‍ നേടേണ്ടതുണ്ട്. എന്നാല്‍ ആല്‍ബെര്‍ട്ടയും ക്യൂബെക്കും ഇതിനകം തന്നെ ഒഴിവാക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
ട്രൂഡോയുടെ ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാരും പാര്‍ലമെന്റിലെ ഒരു ചെറിയ ഇടതുപക്ഷ വിഭാഗവും തമ്മിലുള്ള നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഫാര്‍മകെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഉടനടി മരുന്നു പദ്ധതി ആരംഭിക്കണമെന്ന വ്യവസ്ഥയിലാണ് 2025-ന്റെ ശരത്കാലം വരെ ലിബറലുകളെ പിന്തുണക്കാന്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി തയ്യാറായത്.