ബെയ്‌റൂത്ത്: ദമാസ്‌ക്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ വില കൊടുക്കേണ്ടി വരുമെന്ന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണയ്ക്കുന്നതിന് ഹിസ്ബുള്ള ഇസ്രായേല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുന്നുണ്ട്.
‘തീര്‍ച്ചയായും, ശത്രുവിന് ശിക്ഷ ലഭിക്കുന്ന പ്രതികാരം ചെയ്യാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല’ എന്നാണ് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞത്.
ദമാസ്‌ക്കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ നടത്തിയതായി ആരോപിക്കുന്ന ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദിയും ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഹാദി ഹാജി റഹീമിയും ഉള്‍പ്പെടെ ഏഴ് ഇറാന്‍ റവ്യൂലഷണറി ഗാര്‍ഡ്‌സ് (ഐ ആര്‍ ജി സി) അംഗങ്ങള്‍ കൊല്ലപ്പെട്ടു.
എട്ട് ഇറാനികളും രണ്ട് സിറിയക്കാരും ഒരു ലെബനാനിയും ഉള്‍പ്പെടെ 11 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അവകാശപ്പെട്ടു.
കോണ്‍സുലേറ്റില്‍ ആറ് മിസൈലുകള്‍ വിക്ഷേപിച്ച എഫ്-35 യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് സിറിയയിലെ ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബരി ഇറാനിയന്‍ സ്റ്റേറ്റ് ടി വിയോട് പറഞ്ഞത്.
ലെബനനിലെ ഹിസ്ബുള്ളയുടെ പ്രതിരോധത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും വര്‍ഷങ്ങളോളം പിന്തുണയ്ക്കുകയും ത്യാഗം ചെയ്യുകയും സഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തികളില്‍ ഒരാളാണ് സഹേദിയെന്ന് ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ഇറാനും രോഷം പ്രകടമാക്കിയിട്ടുണ്ട്.
ഒബ്‌സര്‍വേറ്ററി പറയുന്നതനുസരിച്ച് ഫലസ്തീന്‍, സിറിയ, ലെബനന്‍ എന്നിവയ്ക്കായുള്ള ഇറാന്റെ എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ നേതാവായിരുന്നു സഹേദി. അദ്ദേഹവും സഹായിയും പലസ്തീന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി, ഖുദ്സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
എന്നാല്‍ ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനും ഇറാന്റെ സഖ്യകക്ഷികള്‍ക്കും ഇടയില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം വര്‍ധിപ്പിക്കുന്ന ശക്തമായ പ്രതികരണം നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ആക്രമണം നിര്‍ണായക പ്രതികരണത്തിന് വഴിയൊരുക്കുമെന്ന് ഇറാന്‍ അംബാസഡര്‍ അക്ബരി വിശദമാക്കി. ‘ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളൊന്നും അംഗീകരിക്കാത്തതും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മനുഷ്യത്വരഹിതമായതെല്ലാം ചെയ്യുന്നതുമായ സയണിസ്റ്റ് സ്ഥാപനത്തിന്റെ യാഥാര്‍ഥ്യത്തെ കാണിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും ‘അന്താരാഷ്ട്ര സമൂഹത്തിന്റെ ഗൗരവമായ പ്രതികരണത്തിന്’ അഭ്യര്‍ഥിച്ചു.
ആക്രമണത്തെ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദും അപലപിച്ചു. പ്രദേശം സന്ദര്‍ശിച്ച ശേഷം ഹീനമായ ഭീകരാക്രമണമാണെന്നും നിരപരാധികളെ കൊന്നൊടുക്കുന്നതാണെന്നും സന പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.”